തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും അന്നു തന്നെ റോഡ് ഷോ തൃശൂരിലും നടക്കും. അടുത്ത ഘട്ടമായി ഏപ്രിൽ 4ന് പാലായിലും തിരുവനന്തപുരത്തും മോദി പ്രചാരണത്തിന് എത്തുന്നുണ്ട്. പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, വൈക്കം മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് റാലിയാണ് പാലായിൽ നടക്കുക. അന്നു തന്നെ തിരുവനന്തപുരം നഗരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 31ന് തിരുവനന്തപുരം ജില്ലയിൽ വിവിധ തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും. ഏപ്രിൽ ആദ്യവാരം ഹരിപ്പാട്, തൃപ്പൂണിത്തുറ, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലും അമിത് ഷാ പ്രചാരണത്തിനെത്തും. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, രാജ്‌നാഥ് സിങ്, എസ്.ജയശങ്കർ , ന്യൂഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയ നേതാക്കളും ഈ ദിവസങ്ങളിൽ കേരളത്തിലെത്തുന്നുണ്ട്.
കോട്ടയം ∙ പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ പ്രചാരണത്തിനെത്തുന്നതോടെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, പാലാ എന്നീ മൂന്നു മണ്ഡലങ്ങളിലെ ബിജെപിയുടെ മത്സരം ശ്രദ്ധയാകർഷിക്കുന്നു. അടുത്തുള്ള മണ്ഡലങ്ങളായ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നിവിടങ്ങളിൽ മുതിർന്ന നേതാക്കളായ ജോർജ് കുര്യനെയും പി.സി.ജോർജിനെയും തൊട്ടടുത്ത പാലാ മണ്ഡലത്തിൽ പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജിനെയുമാണ് മത്സരത്തിനിറക്കിയത്. ഇത്തരത്തിൽ ഒരു രാഷ്ട്രീയ മത്സരം സംസ്ഥാനത്ത് മറ്റൊരിടത്തും ബിജെപി നടത്തുന്നില്ല. കേന്ദ്രമന്ത്രി ജോർജ് കുര്യനെ മുന്നിൽ നിർത്തി കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പരമാവധി വോട്ടുകൾ സമാഹരിക്കാനാണ് ശ്രമം. ശരാശരി 30,000 വോട്ടുകളാണ് ഇവിടെ നിന്ന് ബിജെപി നേടാറുള്ളത്. ഈ മണ്ഡലത്തിലെ പള്ളിക്കത്തോട് പഞ്ചായത്തിൽ കഴിഞ്ഞ തവണയുണ്ടായിരുന്ന ഭരണം കൈവിട്ടതും ശക്തികേന്ദ്രമായ ചിറക്കടവിൽ ഭരണത്തിലേക്ക് എത്താൻ സാധിക്കാത്തതും വിലങ്ങുതടിയായി മുന്നിലുണ്ട്. സ്വതന്ത്രനായി നിന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ 41,851 വോട്ടിലാണ് പൂഞ്ഞാറിൽ പി.സി.ജോർജിന്റെ പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ബിജെപിക്ക് അംഗങ്ങൾ വർധിച്ചതും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഭരണം ലഭിച്ചതും അനുകൂല ഘടകങ്ങളായി ബിജെപി കരുതുന്നു. അതേസമയം പി.സി.ജോർജ് ബിജെപിയിൽ എത്തിയതിനു പിന്നാലെ 2024ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലം നിരാശയുണ്ടാക്കുന്നതാണ്. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ പൂഞ്ഞാറിൽ നിന്ന് 2021ൽ പി.സി.ജോർജ് നേടിയ വോട്ടിനേക്കാൾ കുറവ് വോട്ടുകളാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തിലെ പഞ്ചായത്തുകളിലെ ആകെ വോട്ട് 40,000 മാർക്കിന് അടുത്തെത്തിയില്ല.
പി.സി.ജോർജ് വിജയിച്ചിരുന്ന പഴയ പൂഞ്ഞാർ മണ്ഡലത്തിലെ പഞ്ചായത്തുകളും 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ താൻ വിജയിച്ച പൂഞ്ഞാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഉൾപ്പെട്ട കടനാട്, ഭരണങ്ങാനം, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം പഞ്ചായത്തുകളും പാലാ മണ്ഡലത്തിലുണ്ട് എന്നതിലാണു ഷോൺ ജോർജിന്റെ പ്രതീക്ഷ. 2016ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായ എൻ.ഹരി 24,821 വോട്ട് പാലാ മണ്ഡലത്തിൽ നിന്നു നേടിയിരുന്നു. പിന്നീട് വോട്ടിന്റെ എണ്ണം കുറഞ്ഞു വന്നു. അടുത്തു നടന്ന ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ശരാശരി 20,000 വോട്ട് മാത്രമാണ് ബിജെപിക്ക് സമാഹരിക്കാനായത്. പ്രധാനമന്ത്രിയുടെ പൊതുസമ്മേളനം: പാലക്കാട്ട് സുരക്ഷാപരിശോധന തുടങ്ങി പാലക്കാട് ∙ പ്രധാനമന്ത്രിയുടെ പാലക്കാട് ടൗണിലെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിക്കുള്ള സുരക്ഷാ നടപടികൾ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്പിജി) നേതൃത്വത്തിൽ ആരംഭിച്ചു. എസ്പിജി എഡിജിപി സുരേഷ് രാജ് പുരോഹിതിന്റെ നേതൃത്വത്തിലാണു നടപടികൾ. ജില്ലാ പൊലീസ് മേധാവി അജിത്കുമാർ, സംസ്ഥാന ഇന്റലിജൻസ് എസ്പി ആർ.വിശ്വനാഥൻ എന്നിവരുൾപ്പെട്ട സംഘം പ്രധാനമന്ത്രിയുടെ പൊതുസമ്മേളനം നടക്കുന്ന കോട്ടമൈതാനത്ത് പരിശോധന നടത്തി. മൈതാനത്തിന്റെ നിയന്ത്രണം എസ്പിജി ഏറ്റെടുത്തു. നിലവിലെ സമയക്രമമനുസരിച്ച് 29ന് 2.45ന് ആണു സമ്മേളനം. കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നു ഹെലികോപ്റ്ററിൽ രണ്ടരയ്ക്ക് പ്രധാനമന്ത്രി പാലക്കാട്ടെത്തും. 3.50ന് പരിപാടി അവസാനിപ്പിച്ച് 4.10ന് തൃശൂരിലേക്കു പോകും.
