ഇറാനിൽ സമാധാന ശ്രമങ്ങൾക്ക് തടസം നേരിടുന്നതിനിടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചു. ബ്രെന്‍റ് ക്രൂഡ് ഓയില്‍ വില ബാരലിന് 104 ഡോളറിലേക്ക് കയറി. യുഎസ് ക്രൂഡ് വില (ഡബ്യുടിഐ) 92 ഡോളറിലെത്തി. യുഎഇയുടെ മർബൻ ക്രൂഡിന്‍റെ വ്യാപാരം 12 ശതമാനത്തോളം നഷ്ടത്തിൽ 105 ഡോളറിലാണ് നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇത് ബാരലിന് 140 ഡോളറോളം എത്തിയിരുന്നു. പാചകവാതക വിലയിലും വര്‍ധനയുണ്ട്. ഇറാനില്‍ ട്രംപ് നടത്തിയ സമാധാന ശ്രമങ്ങൾ എങ്ങുമെത്താതെ വന്നതോടെയാണ് ക്രൂഡ് ഓയിൽ വില വീണ്ടും കയറിയത്. ചർച്ച നടത്താൻ പോലും ആരെയും ഇറാനിൽ അവശേഷിപ്പിച്ചിട്ടില്ലെന്നാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം നിലപാടു മാറ്റി. ഇറാനുമായി സമാധാന ചർച്ചകൾ പുരോഗമിക്കുന്നുവെന്നായിരുന്നു പ്രതികരണം. ഇതു യുദ്ധത്തിനു താൽകാലികമായെങ്കിലും പരിഹാരമാകുമെന്ന സന്ദേശമാണ് നിക്ഷേപകർക്ക് നൽകിയത്. ഇറാനിലെ ഊർജ കേന്ദ്രങ്ങൾ അഞ്ചു ദിവസത്തേക്ക് ആക്രമിക്കില്ലെന്ന പ്രസ്താവനയും നിക്ഷേപകർ പ്രതീക്ഷയോടെയാണ് കണ്ടത്. ഇറാനിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ 15 ഇന കരാർ യുഎസ് മുന്നോട്ടു വച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാല്‍ യുഎസിന്‍റെ സമാധാന നിർദേശങ്ങൾ പരിശോധിച്ചു വരികയാണെന്നും ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് ഇറാന്‍റെ പ്രതികരണം. ഇതോടെ ഹോർമുസിലൂടെയുള്ള ക്രൂഡ് ഓയിൽ ഗതാഗതം പുനരാംരംഭിക്കാനുള്ള സാധ്യതയും മങ്ങി. മേഖലയിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഇരുവിഭാഗത്തിന്‍റെയും ആക്രമണം നീണ്ടാൽ വില വീണ്ടും വർധിക്കാനുള്ള സാഹചര്യവുമുണ്ട്. തടസം തുടർന്നാൽ ക്രൂഡ് ഓയിൽ വില ബാരലിന് 120–140 ഡോളർ വരെ എത്തിയേക്കാം. വില 150 ഡോളറിലേക്ക് എത്താനുള്ള സാഹചര്യമുണ്ടെന്നും ചില അനലിസ്റ്റുകൾ പറയുന്നു. ഇത് രാജ്യാന്തര തലത്തിൽ പണപ്പെരുപ്പം വർധിക്കാനും ഇടയാക്കും. അതേസമയം ഹോർമുസിലൂടെ പോകാന്‍ കപ്പലുകൾക്കു വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ ഇറാനിയൻ പ്രതിനിധി ആവർത്തിച്ചു. ‘ശത്രു രാജ്യങ്ങളുടേതല്ലാത്ത കപ്പലുകൾക്ക് ഹോർമുസിലൂടെ പോകാൻ തടസമൊന്നുമില്ല. ഇറാനിയൻ അധികൃതരുമായി ഇക്കാര്യത്തിൽ ആശയ വിനിമയം നടത്തേണ്ടത് അത്യാവശ്യമാണ്’– അദ്ദേഹം പറഞ്ഞു. കപ്പലിലെ ജീവനക്കാർ ആരൊക്കെയാണ്, എന്തു ചരക്കാണ് കൊണ്ടുപോകുന്നത്, എവിടേക്കാണ് തുടങ്ങിയ കാര്യങ്ങൾ ഇറാൻ സൈന്യത്തെ അറിയക്കണമെന്നാണ് വ്യവസ്ഥ. ഇതു അനുസരിക്കാതിരുന്ന കപ്പലിനെ ഹോർമുസിൽ തടഞ്ഞതായും ഇറാൻ അധികൃതര്‍ പറയുന്നു. ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാഖ് തുടങ്ങിയ സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് വഴി പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അർഗാച്ചിയും പറഞ്ഞു.
