തിരുവനന്തപുരം : നേമത്തെ എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറുമായി അഘോരി സന്യാസിമാർ കൂടിക്കാഴ്ച നടത്തിയതിനെ വിമർശിച്ചും പരിഹസിച്ചും എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ വി.ശിവൻകുട്ടി. ‘ഈ സ്വാമിമാരെ കണ്ടാൽ കുട്ടികൾ പേടിക്കും. മണ്ഡലത്തിൽ 23 സ്കൂളുകളുണ്ട്. വീടുകളിൽ അവർ വോട്ടുപിടിക്കാൻ എത്തുമോയെന്ന് ജനങ്ങളും പേടിക്കുന്നു. സന്യാസിമാർക്ക് അവരുടേതായ വിശ്വാസവും അംഗീകാരവുമുണ്ട്. പക്ഷേ എല്ലാത്തിനും അതിന്റേതായ പരിധിയുണ്ട്. മതം രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ല. ഇതു കേരളമല്ലേ, ഇവിടത്തെ സാഹചര്യമനുസരിച്ചാണ് കാര്യങ്ങൾ ചെയ്യേണ്ടത്. ഈ ടൈപ്പ് സ്വാമിമാർക്ക് ഇവിടെ വോട്ടുണ്ടെന്നു തോന്നുന്നില്ല.’ ബിജെപി സ്ഥാനാർഥി എന്താണു ചെയ്യുന്നതെന്നും ശിവൻകുട്ടി ചോദിച്ചു.

സ്വാമിമാർ വന്നുപോകട്ടെ, ബിജെപി സ്ഥാനാർഥി ജനങ്ങളെ കണ്ട് വോട്ടു ചോദിക്കുകയാണ് വേണ്ടതെന്നായിരുന്നു യുഡിഎഫ് സ്ഥാനാർഥി കെ.എസ്.ശബരീനാഥന്റെ പ്രതികരണം. ഉത്തർപ്രദേശിൽ നിന്നുള്ള അഘോരിമാരുടെ സംഘം കഴിഞ്ഞ ദിവസമാണ് ബിജെപി ജില്ലാ ഓഫിസിലെത്തിയത്. തുടർന്ന് രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ച് അനുഗ്രഹം നൽകി. തമിഴ്നാട്ടിൽ നിന്നുള്ള യാത്രയ്ക്കിടെ തിരുവനന്തപുരത്ത് എത്തിയ സംഘം തിരഞ്ഞെടുപ്പ് ആണെന്നറിഞ്ഞ് ബിജെപി സ്ഥാനാർഥികളെ കാണാൻ ആഗ്രഹം അറിയിച്ചാണ് ജില്ലാ ഓഫിസിൽ എത്തിയത്. തുടർന്ന് രാജീവ് ചന്ദ്രശേഖറെ കാണാനും അനുമതി ലഭിക്കുകയായിരുന്നു. ഇവർ പിന്നീട് യാത്ര തുടർന്നു. എൽഡിഎഫ് –യുഡിഎഫ് വിമർശനങ്ങളെ തള്ളിയ ബിജെപി നേതാക്കൾ ഇക്കാര്യത്തിൽ രാഷ്ട്രീയ വിവാദത്തിന്റെ ആവശ്യമില്ലെന്നു പ്രതികരിച്ചു.