ബെംഗളൂരു : പോക്സോ കേസിൽ പ്രതിയായ യുവ പേസർ യാഷ് ദയാൽ ഈ സീസണിൽ പ്ലേയിങ് ഇലവനിൽ ഉണ്ടാകില്ലെന്ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. താരവുമായി കരാർ ഉണ്ടെങ്കിലും കളിക്കാൻ ഇറക്കില്ലെന്ന് ആർസിബി ഡയറക്ടർ മൊ ബൊബത്ത് ആണ് സ്ഥിരീകരിച്ചത്. ഐപിഎൽ താരലേലത്തിനു മുൻപ് ആർസിബി യാഷ് ദയാലിനെ ടീമിൽ നിലനിർത്തിയിരുന്നു. ഇതിനു പിന്നാലെ ടീമിനു വലിയ സൈബർ ആക്രമണവും നേരിടേണ്ടിവന്നു.
വ്യക്തിപരമായ കാരണങ്ങളാൽ യാഷ് ദയാൽ വിട്ടുനിൽക്കുകയാണെന്നാണ് ആർസിബിയുടെ വിശദീകരണം. യാഷ് ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ലെന്നും ആർസിബി ഡയറക്ടർ വ്യക്തമാക്കി. ‘‘ഞങ്ങൾക്ക് യാഷ് ദയാലിനെ നിലനിർത്തണമെന്നുണ്ടായിരുന്നു. അദ്ദേഹം വ്യക്തിപരമായ ചില ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുകയാണ്. ആർസിബി യാഷ് ദയാലിനുള്ള പിന്തുണ അറിയിക്കുകയാണ്. കുറച്ചുകാലം കൂടി അദ്ദേഹം കരാറിൽ തുടരും.’’– ആർസിബി ഡയറക്ടർ വ്യക്തമാക്കി. നിലവിൽ ടീമിനൊപ്പം തുടരേണ്ടതില്ലെന്ന് ഇരു വിഭാഗവും ചേർന്നെടുത്ത തീരുമാനമാണെന്നും ഡയറക്ടർ പറഞ്ഞു.
കഴിഞ്ഞ സീസണിൽ ആർസിബിക്കായി 13 വിക്കറ്റുകൾ വീഴ്ത്തിയ യാഷ് ദയാല്‍, ടീമിന്റെ കിരീട നേട്ടത്തിലും നിർണായക പങ്കുവഹിച്ചിരുന്നു. യഷ് ദയാൽ കളിച്ചാലും ഇല്ലെങ്കിലും പകരക്കാരനായി മറ്റൊരു താരത്തെ ടീമിലെടുക്കാൻ ബെംഗളൂരുവിനു സാധിക്കില്ല. യഷ് ദയാലുമായുള്ള കരാർ റദ്ദാക്കാത്തതിനാലാണ് ഇത്. ഭുവനേശ്വര്‍ കുമാർ, ജോഷ് ഹെയ്സൽവുഡ്, നുവൻ തുഷാര, ജേക്കബ് ഡഫി, റസിക് സലാം, അഭിനന്ദന്‍ സിങ്, മങ്കേഷ് യാദവ്, റൊമാരിയോ ഷെഫേർഡ് എന്നിവരാണ് അടുത്ത സീസണിലേക്ക് ആർസിബി ടീമിലുള്ള ബോളർമാർ.
