കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ ഒഴുകിപ്പോകുന്ന കാറുകൾ, മൃഗങ്ങൾ, പാതി മുങ്ങിയ വീടുകൾ. എന്തു ചെയ്യണമെന്ന് അറിയാതെ നിസ്സഹായരായി നിൽക്കുന്ന കുറച്ചു മനുഷ്യർ. ഒമാനിലെ മിന്നൽ പ്രളയത്തിൽ ഒലിച്ചുപോയത് ഒരുപാടുപേരുടെ അധ്വാനവും പ്രതീക്ഷകളുമൊക്കെയാണ്. ഇപ്പോഴും തുടരുന്ന പ്രളയത്തിൽ വാഹനങ്ങൾ ഒഴുകിപ്പോകുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തിൽ വൈറലാവുന്നത്. കനത്ത ഒഴുക്കിൽ ആടിയുലയുന്ന പനകളും, ഒഴുകി പോകുന്ന കാറുകളുടെയും ദൃശ്യങ്ങൾ ആരെയും ഭയപ്പെടുത്തുന്നവയാണ്.

ഇരച്ചെത്തിയ വെള്ളത്തിൽ കരയേതെന്ന് അറിയാന്‍ പോലും കഴിയാത്ത രീതിയിലാണ് പലയിടത്തെയും അവസ്ഥ. സ്കൂട്ടറിലും കാറിലുമായി സഞ്ചരിക്കുന്നവർ ദിക്ക് അറിയാതെ നിൽക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നു. കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് നിരവധി സ്വദേശികൾ ഒറ്റപ്പെട്ടിരുന്നു. മുസന്ദം ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം സ്ഥലത്തെത്തിയാണ് ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചത്.