ന്യൂഡൽഹി : ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ. ഭൂരിഭാഗം പശ്ചിമേഷ്യൻ രാജ്യങ്ങളിലെയും ഭരണത്തലവന്മാരുമായി താൻ രണ്ടുതവണ സംസാരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ഗൾഫ് രാജ്യങ്ങളുമായും നിരന്തരമായ ആശയവിനിമയത്തിലാണ്. കൂടാതെ ഇറാൻ, ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങളുമായും സംസാരിക്കുന്നുണ്ട്. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു.

‘സംഘർഷം ലഘൂകരിക്കുന്നതിനെക്കുറിച്ചും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനെക്കുറിച്ചും ഞങ്ങൾ അവരോട് സംസാരിച്ചിട്ടുണ്ട്. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും ഹോർമുസ് കടലിടുക്ക് പോലുള്ള രാജ്യാന്തര സമുദ്രപാതയിലെ തടസങ്ങളും അംഗീകരിക്കാനാവില്ല. പശ്ചിമേഷ്യയിലെ സംഘർഷം ലോകമെമ്പാടും കടുത്ത ഊർജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഇത് ഇന്ത്യയെ സംബന്ധിച്ചും ആശങ്കാജനകമാണ്.

ഫെബ്രുവരി അവസാനത്തോടെ ഇറാനിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതൽ, അമേരിക്കൻ-ഇസ്രയേൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ലോകത്തിലെ അഞ്ചിലൊന്ന് ക്രൂഡ് ഓയിൽ കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഇറാൻ തടസപ്പെടുത്തുകയും ഗൾഫ് ഊർജ കേന്ദ്രങ്ങൾ, യുഎസ് എംബസികൾ, ഇസ്രയേലിലെ ലക്ഷ്യസ്ഥാനങ്ങൾ എന്നിവ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. നാലാം ആഴ്ചയിലേക്ക് കടന്ന യുദ്ധം നമ്മുടെ വ്യാപാര പാതകളെ ബാധിക്കുന്നുണ്ട്. പെട്രോൾ, ഡീസൽ, ഗ്യാസ്, വളം തുടങ്ങിയ അവശ്യവസ്തുക്കളുടെ പതിവ് വിതരണത്തെ ഇത് തടസപ്പെടുത്തുന്നുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി കപ്പലുകൾ നിലവിൽ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുകയാണ്. ഈ കപ്പലുകളിൽ വലിയൊരു വിഭാഗം ഇന്ത്യൻ ജീവനക്കാരുണ്ട്. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ കാര്യമാണ്. ഗൾഫിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഒരു കോടിയിലധികം ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് ഇന്ത്യ പ്രഥമ പരിഗണന നൽകുന്നത്. സംഘർഷം തുടങ്ങിയത് മുതൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നേതാക്കളുമായി ഞാൻ ടെലിഫോണിൽ സംസാരിച്ചിട്ടുണ്ട്’’ – പ്രധാനമന്ത്രി പറഞ്ഞു.