ലക്നൗ : രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതിയുടെ അനുമതി‍ നൽകിയ ഹരീഷ് റാണ മരണത്തിന് കീഴടങ്ങി. മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഹരീഷ് റാണ (32) യ്ക്ക് സുപ്രീംകോടതി ദയാമരണം അനുവദിച്ചത്. 13 വർഷമായി കോമയിലായിരുന്നു ഹരീഷ് റാണ. നേരത്തെ, ജീവൻ നിലനിർത്തുന്ന ഉപകരണങ്ങൾ മാറ്റിയിരുന്നു. ഡൽഹി എയിംസിലെ പാലിയേറ്റീവ് കെയര്‍ വാര്‍ഡിൽ പത്ത് ഡോക്ടർമാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഹരീഷ് റാണ. ഹരീഷ് ഏതു സമയവും സ്വാഭാവികമായി മരണത്തിലേക്ക് പോകാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അന്തസ്സായി മരിക്കാനുള്ള അവകാശം പൗരനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ദയാവധത്തിനു അനുമതി നൽകിയത്. യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തുന്ന റാണ ജീവിതത്തിലേക്ക് തിരികെ എത്താൻ യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമായതോടെ ദയാവധം നൽകണമെന്ന് അപേക്ഷിച്ചാണ് വയോധികരായ മാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. മകന്റെ ദുരിതാവസ്ഥ കണ്ടുമടുത്തെന്നും ചികിത്സ തുടർന്നിട്ട് പ്രയോജനമില്ലന്ന് ഡോക്ടർമാർ വ്യക്തമാക്കിയെന്നും മാതാപിതാക്കൾ കോടതിയെ അറിയിച്ചു.