തൃപ്രയാർ (തൃശ്ശൂർ): ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാർ ബസ് സ്റ്റാന്റിനു സമീപം പ്രവർത്തിക്കുന്ന ജിംനേഷ്യത്തിൽ ജോലിചെയ്തുവരുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മി (30) ആണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. കൂടാതെ മയക്കുമരുന്ന് വിൽപന നടത്തി അനധികൃതമായി സമ്പാദിച്ച 90500 രൂപയും ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പന നടത്താനായി ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് കുപ്പികളും പിടിച്ചെടുത്തിട്ടുണ്ട് .
കരയാമുട്ടം സൊസൈറ്റിക്ക് സമീപം യുവതി താമസിക്കുന്ന വാടകവീട്ടിൽ വെച്ചാണ് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും വലപ്പാട് പോലീസും ചേർന്ന് പ്രതിയെ പിടികൂടിയത്. തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നതായി ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലഹരിയുടെ ഉറവിടം കണ്ടെത്തിയത്. പോലീസ്-എക്‌സൈസ് പരിശോധനകൾ ഒഴിവാക്കാൻ അതീവ ജാഗ്രതയോടെയായിരുന്നു യുവതിയുടെ ഇടപാടുകൾ. വിശ്വസ്തരായ ഉപഭോക്താക്കൾക്ക് മാത്രമാണ് യുവതി ലഹരിമരുന്ന് കൈമാറിയിരുന്നത്. യുവതിക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയയാളെക്കുറിച്ചുള്ള നിർണ്ണായകവിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൽ സലാം, വാടാനപ്പള്ളി ഐ.എസ്.എച്ച്.ഒ മാത്യു, വലപ്പാട് എസ്.ഐ എബിൻ, ഡാൻസാഫ് എസ്.ഐമാരായ സി.ആർ പ്രദീപ്, ഷൈൻ, എ.എസ്.ഐ ലിജു ഇയ്യാനി, എസ്.സി.പി.ഒ ബിജു, സി.പി.ഒമാരായ നിഷാന്ത്, സുർജിത്ത് സാഗർ, വലപ്പാട് സ്റ്റേഷനിലെ എസ്.ഐ ഉണ്ണി, സിയാദ്, സൈനുദ്ദീൻ, സി.പി.ഒ ശാലീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
