കൊച്ചി : സിപിഎം നേതാവ് കെ.ജെ.ഷൈനിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ യുട്യൂബർ യാസർ എടപ്പാള്‍ അറസ്റ്റിലായി. വിദേശത്തായിരുന്ന ഇയാളെ ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ആലുവ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. യുട്യൂബർ കെ.എം.ഷാജഹാൻ, പറവൂരിലെ കോൺഗ്രസ് നേതാവായ സി.കെ.ഗോപാലകൃഷ്ണൻ എന്നിവർ ഒന്നും രണ്ടും പ്രതികളായ കേസിൽ മൂന്നാം പ്രതിയാണ് യാസർ എടപ്പാൾ.

നേരത്തെ ഷാജഹാനെയും ഗോപാലകൃഷ്ണനെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ വിദേശത്തായിരുന്ന യാസർ എടപ്പാളിനെ പിടികൂടാനായില്ല. തുടർന്ന് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി. തനിക്കെതിരായ അപവാദ പ്രചാരണം ചൂണ്ടിക്കാട്ടിയാണ് കെ.ജെ.ഷൈന്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുകള്‍പ്പെടെ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.

മുൻമന്ത്രി കെ.ടി.ജലീലിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ 2021ലും യാസർ എടപ്പാൾ അറസ്റ്റിലായിരുന്നു. ജലീലിന്റെ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും വിദേശത്തായിരുന്നതിനാൽ അറസ്റ്റ് ചെയ്യാനായില്ല. പിന്നാലെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും 2021 മാർച്ചിൽ നെടുമ്പാശേരിയിൽ എത്തിയപ്പോൾ അറസ്റ്റു ചെയ്യുകയുമായിരുന്നു.