ന്യൂഡൽഹി : പരസ്യ- വ്യക്തിത്വ അവകാശങ്ങളിൽ സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ മോഹൻലാലിനോട് ഡൽഹി ഹൈക്കോടതി. നടന്റെ ചിത്രങ്ങളും വിഡിയോകളും ശബ്ദങ്ങളും ഉപയോഗിച്ച് പ്രചാരണം നടത്തുന്ന എല്ലാ ലിങ്കുകളും ക്രോഡീകരിച്ച് പുതിയ അപേക്ഷ നൽകാനാണ് കോടതി ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും.

ലിങ്കുകൾ ക്രോഡീകരിച്ച് നൽകാൻ ആവശ്യപ്പെട്ടപ്പോൾ, ഓരോ നിമിഷത്തിലും പുതിയ ലിങ്കുകൾ ക്രിയേറ്റ് ചെയ്യപ്പെടുകയാണെന്ന് മോഹൻലാലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് പുതിയ അപേക്ഷ നൽകാൻ കോടതി നിർദേശിച്ചത്. അതിനിടെ, കേസ് ഡൽഹി ഹൈക്കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്ന് മെറ്റയുടെ അഭിഭാഷകൻ വാദിച്ചു. മോഹൻ ലാൽ കേരളത്തിൽനിന്നുള്ള വ്യക്തിയാണെന്നും കേസിലെ മറ്റ് കക്ഷികളും ഡൽഹിക്ക് പുറത്താണെന്നും മെറ്റയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

തന്റെ ശബ്ദമടക്കം കൃത്രിമമായി ഉണ്ടാക്കി ചിലർ ദുരുപയോഗം ചെയ്യുകയാണെന്ന് നടൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. ശബ്ദമടക്കം ക്ലോണ്‍ ചെയ്യാൻ പഠിപ്പിക്കുന്ന യൂട്യൂബ് വിഡിയോകളുണ്ടെന്നും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നതായും മോഹൻലാലിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഗുരുതരസാഹചര്യമാണിത്. വ്യക്തിപരമായ അവകാശങ്ങളെ ഹനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിൽ നടക്കുന്നു. മോഹൻലാലിന്റെ ശബ്ദമുപയോഗിച്ച് തട്ടിപ്പ് നടന്നാൽ അദ്ദേഹം ഉത്തരവാദിയാകുന്ന സാഹചര്യം ഉണ്ടാകും. മെറ്റയിലും ഗൂഗിളിലും ഇത്തരത്തിലുള്ള നിരവധി ലിങ്കുകള്‍ ഉണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.