വാഷിങ്ടൻ∙ ഇറാനെതിരായ സൈനിക നടപടിയുടെ ഉത്തരവാദിത്തം ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനുമേൽ ചുമത്തിയതായി സൂചിപ്പിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലപാട് മാറ്റി. സംഘർഷം നാലാം ആഴ്ചയിലേക്കു കടക്കുകയും യുദ്ധത്തെക്കുറിച്ച് യുഎസിനകത്ത് സൂക്ഷ്മമായ വിലയിരുത്തലുകൾ നടക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ പരാമർശം. ടെന്നസിയിൽ നടന്ന പൊതുയോഗത്തിലായിരുന്നു ട്രംപ് പ്രതികരിച്ചത്. ഇറാനെതിരായ സൈനിക നടപടി വേണമെന്നു ഭരണകൂടത്തിനുള്ളിൽ ആദ്യം വാദിച്ചത് ഹെഗ്സെത്ത് തന്നെയെന്നാണ് അദ്ദേഹം പറഞ്ഞത്.
‘‘പീറ്റ് ആദ്യം സംസാരിച്ചതായി ഞാൻ കരുതുന്നു. ‘നമുക്ക് അത് ചെയ്യാം, കാരണം അവരെ ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കാൻ കഴിയില്ല’ എന്ന് നിങ്ങൾ പറഞ്ഞു’’ – ഹെഗ്സെത്തിനെ സമീപത്ത് ഇരുത്തിയാണ് ട്രംപ് പറഞ്ഞത്. മെംഫിസ് സ്റ്റേറ്റ് ടാസ്ക് ഫോഴ്സ് റൗണ്ട്‌ടേബിളിൽ സംസാരിക്കുമ്പോഴായിരുന്നു ഈ പരാമർശം. ട്രംപിന്റെ ഈ നിലപാട് ഭരണകൂടത്തിനുള്ളിലും വിദഗ്ധർക്കിടയിലും ചർച്ചയായി. ഇറാനെതിരായ സൈനിക നടപടിക്ക് സർക്കാരിനുള്ളിൽ ആരാണ് കൂടുതൽ സമ്മർദ്ദം ചെലുത്തിയതെന്നതിൽ ഇതിനോടകം തന്നെ വിവാദം നിലനിൽക്കുന്നതിനിടെയാണ് ഈ പ്രസ്താവന.
തീരുമാനം എങ്ങനെ എടുത്തുവെന്നതിനെക്കുറിച്ചുള്ള വിശദീകരണങ്ങൾക്കും ട്രംപിന്റെ വാക്കുകൾ പുതിയ ചൂടേകുന്നു. ഓപ്പറേഷൻ എപിക് ഫ്യൂറിക്ക് അംഗീകാരം നൽകുന്നതിനു മുമ്പ് നിരവധി മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും ട്രംപ് പറഞ്ഞു. ‘‘ഞാൻ പീറ്റിനെയും ജനറൽ കെയ്‌നെയും മറ്റ് പലരെയും വിളിച്ചു. മധ്യപൂർവേഷ്യയിൽ വലിയൊരു പ്രശ്നമുണ്ടെന്നു പറഞ്ഞു. 47 വർഷമായി ഭീകരതയുടെ ഉറവിടമായി തുടരുന്ന രാജ്യമാണ് ഇറാൻ. അവർ ആണവായുധത്തിലേക്കു നീങ്ങുകയാണ്. നമുക്ക് അത് സഹിക്കാമോ, അല്ലെങ്കിൽ പ്രശ്നം നേരിട്ട് ഇല്ലാതാക്കാമോ എന്നായിരുന്നു ചർച്ച’’ – ട്രംപ് പറഞ്ഞു. ഇതിനു പിന്നാലെയാണ് പീറ്റ് നിങ്ങളാണ് ആദ്യം സംസാരിച്ചതെന്നു കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞത്. അതേസമയം, സൈനിക നടപടിയെ ശക്തമായി പിന്തുണച്ചവരിൽ മുൻനിരയിലായിരുന്നു ഹെഗ്സെത്ത്. പെന്റഗണിൽനിന്ന് മാധ്യമങ്ങളെ നിരന്തരം ബ്രീഫ് ചെയ്തതും അദ്ദേഹം തന്നെയായിരുന്നു. സൈനിക നടപടിക്കെതിരായ വിമർശനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. സംഘർഷത്തെ മാധ്യമങ്ങൾ നെഗറ്റീവ് ആയി ചിത്രീകരിക്കുകയാണെന്നും ആരോപിച്ചു. സൈനിക നടപടി എത്രനാൾ തുടരുമെന്ന് അടുത്തിടെ ചോദിച്ചപ്പോൾ അദ്ദേഹം വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയും ചെയ്തു.
