ന്യൂഡൽഹി: രാജ്യത്തെ പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പുതിയ നടപടിയ്ക്കുള്ള ആലോചനയുമായി പൊതുമേഖലാ എണ്ണക്കമ്പനികൾ. പ്രതിസന്ധിയെ മറികടക്കാൻ സിലിൻഡറുകളിലെ എൽ.പി.ജി. അളവ് കുറയ്ക്കാനാണ് നീക്കം. ഹോർമുസ് കടലിടുക്കിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് വിതരണം തടസ്സപ്പെട്ടതോടെയാണ് പുതിയ നീക്കം.

നിലവിലുള്ള ഈ തീരുമാനം അനുസരിച്ച് കൂടുതൽ കുടുംബങ്ങളിലേക്ക് പാചകവാതകം എത്തിക്കാനും ആഭ്യന്തര സ്റ്റോക്ക് പരമാവധി ദിവസത്തേക്ക് നീട്ടിക്കൊണ്ടു പോകാനും കഴിയുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ പുതിയ എൽ പി ജി കപ്പലുകൾ ഒന്നും ഇന്ത്യൻ തീരത്തേക്ക് വരാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു. ഹോർമോസ് കടലിടുക്ക് കടന്ന് ചുരുക്കം ചില കപ്പലുകളിൽ രാജ്യത്തെ ഒരു ദിവസത്തെ ഉപയോഗത്തിനുള്ള ഇന്ധനമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് വിലയിരുത്തൽ.

കൂടാതെ പേർഷ്യൻ ഗൾഫിൽ കപ്പലുകൾ കുടുങ്ങിക്കിടപ്പുണ്ട്. ഇതിന് ക്ലിയറൻസ് ലഭിക്കാൻ വൈകുന്നത് രാജ്യത്തെ പ്രതിസന്ധി ഇരട്ടിയാകുന്നു. നിലവിലുള്ള ഈ തീരുമാനം അനുസരിച്ച് ഒരു സാധാരണ കുടുംബത്തിന് 35 മുതൽ 40 ദിവസം വരെ ഒരു സിലിണ്ടർ കൊണ്ട് കഴിയാമെന്നും 10 കിലോ കുറച്ചാലും അത് ബാധിക്കില്ല എന്നുമാണ് അധികൃതരുടെ കണക്കുകൂട്ടൽ. സിലിണ്ടറിലെ അളവ് കുറയ്ക്കുന്നതിനൊപ്പം വിലയിലും മാറ്റം വരുത്താൻ തീരുമാനമുണ്ട്. പുതിയ തീരുമാനം പ്രാവർത്തികമാക്കുന്നത് ഉപഭോക്താക്കൾക്കിടയിലെ അഭിപ്രായവും രാഷ്ട്രീയ പ്രത്യാഘാതങ്ങളും പരിഗണിച്ചായിരിക്കും.