മൈസൂരു: മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് ഹൈവയിലുണ്ടായ അപകടത്തിലാണ് നാലുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ സ്ലീപ്പര്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറിയായിരുന്നു അപകടം. മൈസൂരു ചന്നപട്ടണത്തിന് സമീപം വെച്ചായിരുന്നു അപകടമുണ്ടായത്. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍ (22), റഹീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിര്‍ (27) എന്നിവരാണ് കൊല്ലപ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് വിവരം. മരണപ്പെട്ടവരുടെ മൃതദേഹം ചന്നപട്ടണയിലെ ആശുപത്രിയിലേക്ക് മാറ്റി.

പികെ ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. പുലര്‍ച്ചെ മൂന്ന് മണിയോടെ വാഹനം ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ്സിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.