കോഴിക്കോട്: ജില്ലയിൽ ഷിഗല്ല രോഗവ്യാപനവും പക്ഷിപ്പനിയും ഉയർത്തുന്ന ആരോഗ്യഭീഷണിയിൽ ആശങ്കയേറുന്നു. പെരുവയൽ പഞ്ചായത്തിൽ ഷിഗല്ല പടരുന്ന സാഹചര്യത്തിൽ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. നിലവിൽ 51 പേർ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്. ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം പടർന്നതോടെ കുടിവെള്ളത്തിന്റെയും ഭക്ഷണസാധനങ്ങളുടെയും കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ശുചിത്വ ബോധവൽക്കരണവും ഊർജ്ജിതമാക്കിയിട്ടുണ്ട്. ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടനടി വൈദ്യസഹായം തേടാൻ നിർദ്ദേശമുണ്ട്.
പക്ഷിപ്പനി നിയന്ത്രണം
പക്ഷിപ്പനി സ്ഥിരീകരിച്ച നാല് പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളം ഡിവിഷനിലും പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ (R R T) നേതൃത്വത്തിൽ രോഗബാധിത മേഖലകളിലെ വളർത്തുപക്ഷികളെ കൊന്നൊടുക്കി. മൃഗസംരക്ഷണ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായാണ് നടപടികൾ ഏകോപിപ്പിക്കുന്നത്.
രോഗത്തിന്റെ പ്രഭവകേന്ദ്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ കോഴി, താറാവ്, കാട എന്നിവയുടെ വിപണനവും ഉപയോഗവും കർശനമായി നിരോധിച്ചു. പക്ഷികളിൽ അസ്വാഭാവിക മരണം കണ്ടാൽ ഉടനടി കൺട്രോൾ റൂമിലോ മൃഗസംരക്ഷണ വകുപ്പിനെയോ അറിയിക്കണം. വളർത്തുപക്ഷികളുമായി ഇടപഴകുന്നവരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
