കണ്ഠരര് രാജീവരർക്ക് എതിരായ തെളിവുകൾ എണ്ണിപ്പഞ്ഞ് എസ്ഐടി ഹൈക്കോടതിയെ സമീപിച്ചിരുന്നു
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എസ്‌ഐടിയുടെ അപ്പീലിലാണ് നോട്ടീസ്. തന്ത്രിക്കെതിരെ തെളിവില്ല എന്ന വിചാരണക്കോടതിയുടെ പരാമര്‍ശങ്ങളും കോടതി സ്റ്റേ ചെയ്തു.
മാർച്ച് 13നാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചത്. തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണം, തെളിവില്ല എന്ന വിചാരണക്കോടതിയുടെ പരാമർശം റദ്ദാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.കണ്ഠരര് രാജീവരർക്ക് എതിരായ തെളിവുകൾ എണ്ണിപ്പഞ്ഞ് എസ്ഐടി ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു.
കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ട്. പോറ്റിയും തന്ത്രിയും തമ്മിലുള്ള ശബ്ദ സന്ദേശങ്ങൾ ഇതിന് തെളിവായി കണ്ടെത്തിയിട്ടുണ്ട്. ദ്വാരപാലക പാളികൾ സ്വർണ്ണം പൂശിയതാണ് എന്ന് തന്ത്രിക്ക് അറിയാമായിരുന്നു. എന്നാൽ ഇത് അറിഞ്ഞുകൊണ്ട് തന്നെ ചെമ്പെന്ന് എഴുതിയ മഹസറിൽ തന്ത്രി ഒപ്പുവെച്ചു. 1998ൽ പാളികൾ സ്വർണ്ണം പൂശുമ്പോൾ കണ്ഠരര് രാജീവരര് ആണ് തന്ത്രിസ്ഥാനത്തുള്ളത്. സ്വർണ്ണപ്പാളികൾ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന് തന്ത്രിക്ക് അറിയാം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ അപേക്ഷയും തന്ത്രിയുടെ അനുമതിയും തയ്യാറാക്കിയത് ഒരേ വേഡ് ഫയലിലാണ്. ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ സിസ്റ്റത്തിലാണ് ഇത് തയ്യാറാക്കിയതെന്നും എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
