ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടവിജയത്തിലേക്ക് നയിച്ചതിന് പിന്നാല തന്റെ അടുത്തലക്ഷ്യം വെളിപ്പെടുത്തി പരിശീലകൻ ഗൗതം ഗംഭീര്‍. 2025 -2027 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ എത്തിക്കുക എന്നതാണ് തന്റെ അടുത്ത ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു.

‘ടെസ്റ്റ് ക്രിക്കറ്റ് എന്റെ ഹൃദയത്തോട് വളരെ ചേര്‍ന്നുനില്‍ക്കുന്നു. ആദ്യം നമുക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടണം. ഇനി ഒമ്പത് ടെസ്റ്റ് മത്സരങ്ങള്‍ കൂടി നമുക്ക് മുന്നിലുണ്ട്. റെഡ്-ബോള്‍ ക്രിക്കറ്റില്‍ ഒരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്, അതിനാല്‍ തന്നെ യുവതാരങ്ങളെ ഞങ്ങള്‍ തുടര്‍ന്നും പിന്തുണയ്ക്കും.’ ഗംഭീര്‍ എഎന്‍ഐയോട് വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്ന് ഐസിസി വൈറ്റ്-ബോള്‍ കിരീടങ്ങള്‍ (2024 ടി20 ലോകകപ്പ്, 2025 ചാമ്പ്യന്‍സ് ട്രോഫി, 2026 ടി20 ലോകകപ്പ്) ഇന്ത്യ നേടിയെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല.

വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ വന്‍ വിജയങ്ങള്‍ നേടുമ്പോഴും ഗംഭീറിന് കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ് പ്രകടനം അത്ര മികച്ചതല്ല. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനോടും ദക്ഷിണാഫ്രിക്കയോടും നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇത്തവണ ഫൈനലില്‍ എത്തിയില്ലെങ്കില്‍ പരിശീലകനെന്ന നിലയില്‍ ഗംഭീറിന് അത് വലിയ തിരിച്ചടിയാകും.