മലപ്പുറം: കൊണ്ടോട്ടിയില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് പേർ മരിച്ചു. മലപ്പുറം മേലാറ്റൂർ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.
കരിപ്പൂർ വിമാനത്താവളത്തില്‍ ബന്ധുവിനെ ഇറക്കി മടങ്ങി വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർദിശയില്‍ വന്ന സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്നയുടൻ തന്നെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം ആരംഭിച്ചു. കാർ പൂർണമായും തകർന്ന നിലയിലായിരുന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു.
