കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി. ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത രീതിയിലാണ് കേന്ദ്രസർക്കാർ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും സംസ്ഥാന സർക്കാർ കൂടി പണം മുടക്കി നടപ്പിലാക്കിയ പദ്ധതിയുടെ ക്രെഡിറ്റ് ഒറ്റയ്‌ക്ക് തട്ടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി.

കൂടാതെ സംസ്ഥാനത്തെ ദേശീയപാത വികസന പദ്ധതികളുടെ ഉദ്‌ഘാടന ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയത് സംസ്ഥാനത്തോടുള്ള അപമാനമാണ്. ചടങ്ങില്‍ പങ്കെടുക്കുക എന്നത് കേരളത്തിന്റെ അവകാശമാണ്. ഭൂമി ഏറ്റെടുക്കലിനുള്‍പ്പെടെ വലിയ തുക നല്‍കിയത് സംസ്ഥാന സർക്കാരാണ്. എന്നാല്‍, തന്നെ മനഃപൂർവം ചടങ്ങില്‍ നിന്ന് ഒഴിവാക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മന്ത്രി റിയാസിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും, മന്ത്രിമാരായ കെ കൃഷ്‌ണൻകുട്ടി, എം ബി രാജേഷ് എന്നിവർ ചടങ്ങില്‍ പങ്കെടുക്കില്ല. പരിപാടിയുടെ അറിയിപ്പ് ലഭിച്ചത് അവസാന നിമിഷമാണെന്നും മണ്ഡലത്തിലെ മറ്റ് പരിപാടികള്‍ ഉള്ളതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്നുമാണ് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചത്.