കപ്പൽ ഗതാഗതം നിലച്ച ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍. അധികം വൈകാതെ തന്നെ ഇവ ഇന്ത്യയിലെത്തിയേക്കും. സർക്കാർ നിർദേശത്തെ തുടർന്ന് രാജ്യത്തെ പെട്രോളിയം കമ്പനികൾ 10 ശതമാനം ഉൽപാദനം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇറാൻ യുഎസ് സംഘർഷം അതിരൂക്ഷമായതോടെ ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾക്ക് പശ്ചിമേഷ്യയിലേക്കും തിരിച്ചും സുരക്ഷിതമായി സഞ്ചരിക്കാൻ ആകുന്നില്ല. ഇന്ത്യയിലേക്കുള്ള പാചക വാതകത്തിന്‍റെ ഭൂരിഭാഗവും ഇവിടെ നിന്ന് വരുന്നതാണ്. വരവ് നിലച്ചതോടെയാണ് രാജ്യത്ത് പ്രതിസന്ധി രൂക്ഷമായത്.

അടിയന്തരമായി 10 ലക്ഷം ടൺ എൽപിജി വാങ്ങാനുള്ള നടപടി സ്വീകരിച്ചെന്ന് കേന്ദ്രസര്‍ക്കാർ. പ്രധാനമായും യുഎസ് വിപണിയിൽ നിന്നാണ് ഇവ വാങ്ങുന്നത്. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മതിയായ സ്റ്റോക്ക് എത്തിക്കുമെന്നുമാണ് സർക്കാർ വിശദീകരണം. സ്ഥിതിഗതികൾ പരിശോധിച്ച് നിയന്ത്രണത്തിൽ ഇളവ് വരുത്തുമെന്നും കേന്ദ്രവും എണ്ണക്കമ്പനികളും അറിയിച്ചിട്ടുണ്ട്.