കൊച്ചി: സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോർത്തയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ നല്‍കിയ ഹർജി തള്ളി ഹൈക്കോടതി. സ്വകാര്യത ലംഘനം നടന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നല്‍കിയിട്ടുള്ള ഹർജിയാണ് കോടതി തള്ളിയിരിക്കുന്നത്. ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ആണ് ഹർജി പരിഗണിച്ചത്. ശമ്പള വിതരണത്തിന് നല്‍കിയ ഫോണ്‍ നമ്പർ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ദുരുപയോഗം ചെയ്തുവെന്നാണ് ഹർജിക്കാരന്റെ വാദം.
അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശം അയച്ചതില്‍ നിയമ വിരുദ്ധതയില്ല എന്നാണ് കോടതി നിരീക്ഷിച്ചത്. സന്ദേശം നല്ല ഭരണത്തിന്റെ ഭാഗമെന്ന ഹൈക്കോടതി വ്യക്തമാക്കി. ജീവനക്കാരുടെ അനുമതി കൂടാതെ അവരുടെ വിവരങ്ങള്‍ സ്വകാര്യ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്നാണ് ഹർജിയില്‍ ആരോപിച്ചത്. സ്പാർക്കില്‍ ഔദ്യോഗിക ആവശ്യത്തിന് മാത്രമായി നല്‍കിയ ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍, ഫോണ്‍ നമ്പര്‍ എന്നിവ ശേഖരിച്ചത് വ്യക്തികളുടെ അനുമതിയില്ലാതെയെന്നാണ് ഹർജിക്കാരന്റെ ആരോപണം. സ്പാര്‍ക്കില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് വിവരങ്ങള്‍ കൈമാറിയത് സ്വകാര്യതയുടെ ലംഘനമാണെന്നും, ജീവനക്കാരുടെ മൊബൈല്‍ ഫോണുകളിലേക്ക് ക്ഷാമബത്ത അടക്കം നല്‍കിയത് ചൂണ്ടികാട്ടി മെസേജുകള്‍ അയക്കുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
സെക്രട്ടറിയേറ്റ് ജീവനക്കാരനായ അനില്‍ കുമാർ അടക്കമുള്ളവരാണ് ഹർജിക്കാർ. എന്നാല്‍, ആരുടെയും വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് സന്ദേശങ്ങള്‍ ഒന്നും അയച്ചില്ലെന്നും ജിവനക്കാർക്ക് അയച്ചത് ഭരണ നിർവ്വഹണത്തിന്‍റെ ഭാഗമായ സന്ദേശങ്ങള്‍ മാത്രമാണെന്നുമാണ് സർക്കാകോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സർക്കാർ ജീവനക്കാരുടെ മൊബൈലിലേക്ക് വന്ന സന്ദേശത്തില്‍ ഡി എ വർധന, ശമ്പള പരിഷ്കരണം തുടങ്ങി ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ സാധ്യതയുള്ള കാര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. വ്യക്തികളുടെ ഫോണ്‍ നമ്പറും അവരുടെ സ്വകാര്യ വിവരങ്ങളും നിയമവിരുദ്ധമായി ശേഖരിച്ചാണ് ഈ സന്ദേശം അയച്ചതെന്നും, ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്നുമാണ് മുഖ്യമന്ത്രിയെ പിണറായി വിജയനെയടക്കം എതിർകക്ഷികളാക്കി സമർപ്പിച്ച ഹർജിയില്‍ വ്യക്തമായിരുന്നത്.
