കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ ടയർ പൊട്ടിയുണ്ടായ അപകടത്തിൽ പയ്യോളിയിൽ വിദ്യാർത്ഥി മരിച്ചു. പയ്യോളി ഇരുമ്പടത്തുചാലിൽ ഓത്തുപുരയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ബിലാൽ (16) ആണ് മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന മറ്റ് മൂന്ന് സുഹൃത്തുക്കൾക്ക് പരിക്കേറ്റു.

ഞായറാഴ്ച രാവിലെ ആറരയോടെ പയ്യോളി-പേരാമ്പ്ര റോഡിൽ തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള ഇറക്കത്തിലായിരുന്നു അപകടം.

സുഹൃത്തുക്കളായ നാലുപേരും ചേർന്ന് സ്കൂട്ടറിൽ തുറയൂരിലെ പള്ളിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഇറക്കത്തിൽ വെച്ച് സ്കൂട്ടറിന്റെ ടയർ പെടുന്നനെ പൊട്ടുകയും നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ബിലാലിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ആദിൽ, അദ്‌നാൻ, യാസിൻ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമിതഭാരമാണോ അതോ ടയറിന്റെ പഴക്കമാണോ അപകടകാരണമെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. മരിച്ച ബിലാലിന്റെ മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഏറ്റവും പിറകിലായി യാത്ര ചെയ്ത ബിലാല്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കാപ്പാട് ഇലാഹിയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ബിലാല്‍. മാതാവ്: റംല. സഹോദരങ്ങള്‍: ശുഹൈബ, ഉമ്മുസല്‍മ.