തിരുവനന്തപുരം: വർക്കലയില്‍ അജ്ഞാത വാഹനമിടിച്ച് വിദേശ വനിതക്ക് പരിക്ക്. ഫ്രാൻസ് സ്വദേശിനിയായ ക്രിസ്റ്റിൻ (63) ആണ് അപകടത്തില്‍പ്പെട്ടത്. ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിലാണ് അജ്ഞാത വാഹനമിടിച്ചത്. അപകടത്തെ തുടർന്ന് സ്ത്രീ റോഡിലേക്ക് തെറിച്ച് വീണു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
അപകടത്തെ തുടർന്ന് ഇടിച്ച വാഹനം നിർത്താതെ പോയതോടെ പൊലീസ് ഹിറ്റ് ആൻഡ് റണ്‍ കേസ് രജിസ്റ്റർ ചെയ്തു. ക്രിസ്റ്റിൻ സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ മറ്റൊരു വാഹനം അതിവേഗത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തെറിച്ചു വീണ ക്രിസ്റ്റിന് തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു. അവരെ ഉടൻ തന്നെ വർക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സ തുടരുകയാണ്.
വർക്കല പൊലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക തെളിവുകള്‍ ശേഖരിച്ചു. അപകടം നടന്ന സ്ഥലത്തെയും സമീപത്തെയും വ്യാപാര സ്ഥാപനങ്ങളിലെയും റോഡിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. വിദേശ സഞ്ചാരിയുടെ വാഹനത്തില്‍ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം കണ്ടെത്താൻ നഗരത്തിലെ പ്രധാന പാതകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. വർക്കലയിലെ പാപനാശം ഭാഗങ്ങളിലും മറ്റും വിദേശികള്‍ ധാരാളമായി എത്തുന്ന സാഹചര്യത്തില്‍ ഇത്തരം അപകടങ്ങള്‍ വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കുറ്റവാളിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
