കൊച്ചി: വയനാട് സന്ദർശനത്തിനിടെയുണ്ടായ സംഭവങ്ങളുടെ പേരിൽ നടൻ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ അപലപിച്ച് കോൺഗ്രസ് നേതൃത്വം രംഗത്ത്. മമ്മൂട്ടിയെ ആരും വയനാട്ടിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചതല്ലെന്നും അദ്ദേഹം സ്വമേധയാ എത്തിയതാണെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് പറഞ്ഞു. നടനെതിരെ സി.പി.എം അനുഭാവികൾ നടത്തുന്ന സൈബർ വേട്ടയാടൽ ഉടനടി അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
സ്വകാര്യ സന്ദർശനത്തിനിടെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച സി.പി.എം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ പറഞ്ഞതിൽ മമ്മൂട്ടിയുടെ ഭാഗത്ത് തെറ്റില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി പറഞ്ഞു. വയനാട്ടിലെ പണം ജനങ്ങളുടേതാണെന്ന് അദ്ദേഹം പച്ചയ്ക്ക് പറഞ്ഞു. സി.പി.എം നരേറ്റീവിന് ഒപ്പം നിൽക്കാത്തതിന്റെ പേരിൽ ഒരു കലാകാരനെ സൈബർ ആക്രമണം നടത്തി തകർക്കാമെന്ന് കരുതേണ്ടെന്നും അബിൻ വർക്കി ഫേസ്ബുക്കിൽ കുറിച്ചു.
മമ്മൂട്ടിയുടെ പിന്നാലെ കൂടി രാഷ്ട്രീയ ലാഭത്തിന് ശ്രമിച്ചപ്പോഴാണ് പൊതുപ്രവർത്തകന് ശകാരം ഏൽക്കേണ്ടി വന്നതെന്ന് ദീപ്തി മേരി വർഗീസ് ചൂണ്ടിക്കാട്ടി. ഇത്തരം സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ സി.പി.എം നേതൃത്വം അണികൾക്ക് നിർദ്ദേശം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. മമ്മൂട്ടിയുടെ വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകളെ ബഹുമാനിക്കണമെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
