അഹമ്മദാബാദ് : വീണ്ടും ബെഞ്ചിലായ തുടക്കത്തിൽനിന്ന് അവിസ്മരണീയമായ ഒരു ട്വന്റി20 ലോകകപ്പ് ടൂർണമെന്റാണ് മലയാളി താരം സഞ്ജു സാംസണ് കടന്നുപോകുന്നത്. പ്ലേയിങ് ഇലവനിൽ സ്ഥാനമില്ലാതിരുന്ന ഒരു താരം, ടീമിനെ ഫൈനലിലെത്തിച്ച് ടൂർണമെന്റിന്റെ താരമാകാൻ ഒരുങ്ങുകയാണ്. വെസ്റ്റിൻഡീസിനെതിരായ നിർണായക സൂപ്പർ 8 മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിലും ഇന്ത്യൻ ബാറ്റിങ് നിരയുടെ നെടുംതൂണായത് സഞ്ജു സാംസൺ ആണ്. ഫൈനലിലും സഞ്ജു കസറും എന്നു തന്നെയാണ് ടീമിന്റെയും ആരാധകരുടെയും പ്രതീക്ഷ.

ട്വന്റി20 ലോകകപ്പിലെ നാലാം ഫൈനലിനാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ‍ ടീം ഇന്ത്യ ഇറങ്ങുന്നത്. മുൻപ് കളിച്ച മൂന്നു ഫൈനലുകളിൽ രണ്ടിലും (2007, 2024) വിജയിച്ചപ്പോൾ 2014ൽ മാത്രമാണ് തോൽവിയറിഞ്ഞത്. തുടർച്ചയായ രണ്ടാം ഫൈനലിന് ന്യൂസീലൻഡിനെതിരെ ഇറങ്ങുമ്പോൾ സൂര്യകുമാറും സംഘവും നിരാശപ്പെടുത്തില്ലെന്നു തന്നെയാണ് പ്രതീക്ഷ. അതേസമയം, ലോകകിരീടം നേടിയാലും ഇല്ലെങ്കിലും ടൂർണമെന്റിനു ശേഷം സൂര്യകുമാർ യാദവ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പകരം സഞ്ജു സാംസൺ ഇന്ത്യയുടെ ക്യാപ്റ്റനാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2024 ജൂണിൽ ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം നേടിയതിനും രോഹിത് ശർമ വിരമിച്ചതിനും പിന്നാലെയാണ് സൂര്യകുമാർ യാദവിനെ ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത്തിനു പിൻഗാമിയാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന ഹാർദിക് പാണ്ഡ്യയെ മറികടന്നാണ് സൂര്യകുമാർ അപ്രതീക്ഷിതമായി ടീമിന്റെ ട്വന്റി20 ക്യാപ്റ്റനായത്. 2024 ജൂലൈയിലെ ശ്രീലങ്കൻ പര്യടനത്തിലാണ് സൂര്യ ക്യാപ്റ്റനായി അരങ്ങേറിയത്. ഇതുവരെ 51 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച സൂര്യ, 39 മത്സരങ്ങളിലും വിജയിച്ചു. സൂര്യയുടെ നേതൃത്വത്തിൽ ഇന്ത്യ ഇതുവരെ ഒരു ട്വന്റി20 പരമ്പര പോലും തോറ്റിട്ടില്ല. ഏഷ്യാ കപ്പ് കിരീടം നേടുകയും ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തുകയും ചെയ്തു.