തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ശുചീകരണ വിവാദത്തിൽ നടപടിയുമായി കോർപ്പറേഷൻ. നടപടിയുടെ ഭാഗമായി 10 പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരെ സോൺ മാറ്റി കൊണ്ടുള്ള ഉത്തരവ് കോർപ്പറേഷൻ പുറത്തുവിട്ടു. നടപടി ഭരണ സൗകര്യത്തിന് വേണ്ടിയാണ് എന്നാണ് കോർപ്പറേഷൻ വിശദീകരണം. ആറ്റുകാൽ ക്ഷേത്രപരിസരം ഉൾപ്പെടുന്ന മണക്കാട് സോണലിലെ ജെഎച്ച്ഐമാരായ പ്രദീപിനെ വിഴിഞ്ഞം സോണലിലേക്കും രാഖിയെ ഉള്ളൂർ സോണലിലേക്കും ആതിരയെ കടകംപള്ളി ലോണലിലേക്കുമാണ് സ്ഥലംമാറ്റിയത്. സ്വാഭാവിക സ്ഥലം മാറ്റം എന്നാണ് സ്ഥലമാറ്റം നടപടിക്ക് കോർപ്പറേഷൻ നൽകുന്ന വിശദീകരണം.
ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെയുള്ള ശുചീകരണത്തിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും കോർപ്പറേഷൻ ചെയ്യേണ്ട ഉത്തരവാദിത്തം ഭംഗിയായി ചെയ്തിട്ടുണ്ട് എന്നുമായിരുന്നു മേയർ വി.വി. രാജേഷിൻ്റെ അവകാശവാദം. സമൂഹമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് പഴയ ചിത്രങ്ങളും വീഡിയോകളുമാണ്. സിപിഐഎം സൈബര്‍ സെല്ലുകള്‍ രാഷ്‌ട്രീയ നേട്ടത്തിന് കുതന്ത്രങ്ങള്‍ പ്രയോഗിക്കുകയാണെന്നും സ്വകാര്യസ്ഥലങ്ങളിലെ മാലിന്യങ്ങളുടെയും ശുചീകരണത്തിന് മുമ്പുള്ള നഗര പ്രദേശത്തെ മാലിന്യങ്ങളുടെയും ചിത്രങ്ങളെടുത്താണ് പ്രചരണം നടത്തുന്നതെന്നും വി.വി. രാജേഷ് പറഞ്ഞിരുന്നു.
