റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്ന കാര്യത്തിൽ ഇന്ത്യയ്ക്ക് വലിയൊരു ആശ്വാസവാർത്ത വന്നിരിക്കുകയാണ്. യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇന്ത്യയ്ക്ക് താൽക്കാലിക ഇളവ് നൽകാൻ അമേരിക്ക തീരുമാനിച്ചു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരാൻ ഇന്ത്യയ്ക്ക് അമേരിക്ക ഇപ്പോൾ താൽക്കാലിക അനുമതി നൽകിയിരിക്കുകയാണ്. അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ആണ് ഈ കാര്യം അറിയിച്ചത്.
പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ, ലോകവിപണിയിൽ പെട്രോളിനും ഡീസലിനും വില കുതിച്ചുയരാതിരിക്കാനാണ് അമേരിക്കയുടെ ഈ തന്ത്രപരമായ നീക്കം. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നത് ആഗോളതലത്തിൽ ഇന്ധനലഭ്യത ഉറപ്പാക്കാൻ സഹായിക്കുമെന്ന് വാഷിംഗ്ടൺ വിലയിരുത്തുന്നു.
നിലവിലെ സാഹചര്യത്തിൽ ലോകത്തിന് ആവശ്യമായ എണ്ണയുടെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ തടസ്സപ്പെടുത്തിയേക്കുമെന്ന് അമേരിക്ക ഭയപ്പെടുന്നു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയാൽ, ലോകവിപണിയിൽ എണ്ണയ്ക്ക് കടുത്ത ക്ഷാമം ഉണ്ടാവുകയും പെട്രോൾ, ഡീസൽ വില കുതിച്ചുയരുകയും ചെയ്യും. ഇത് ഒഴിവാക്കാൻ വിപണിയിൽ എണ്ണയുടെ ലഭ്യത ഉറപ്പാക്കേണ്ടത് അമേരിക്കയുടെ ആവശ്യമാണ്.
