ന്യൂഡൽഹി: സൗദി, ഒമാൻ വ്യോമമേഖല തുറന്നതിനെ തുടർന്ന് ജിദ്ദ, മസ്കത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് മുതൽ സർവീസ് നടത്തും. കൊച്ചിയിൽ നിന്ന് റാസൽഖൈമയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസും സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് മസ്കത്തിലേക്കും എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിമാന സർവീസുണ്ടാകും. ദുബായിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും എയർ ഇന്ത്യ സർവീസ് പുനരാരംഭിച്ചു. എന്നിരുന്നാലും, പശ്ചിമേഷ്യയിലെ മറ്റ് നിരവധി രാജ്യങ്ങളിലെ വ്യോമാതിർത്തി അടച്ചതിനാൽ, ഈ സ്ഥലങ്ങളിലേക്കുള്ള എയർ ഇന്ത്യയുടെ സർവീസ് മാർച്ച് 10 വരെ ഉണ്ടായിരിക്കില്ല.
കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി മാർച്ച് അഞ്ച്-ആറ് തീയതികളിൽ ദുബായ്, മസ്കറ്റ്, റാസൽഖൈമ എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക അഡ്-ഹോക്ക് പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചിരുന്നു.
ഇന്നത്തെ വിമാന സർവീസുകളുടെ പൂർണവിവരം
ഇൻഡിഗോ: ഗൾഫിലെ എട്ട് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഇന്ന് 34 സർവീസുകളാണ് ഇൻഡിഗോ നടത്തുക. ജിദ്ദ-കോഴിക്കോട്, കൊച്ചി-മസ്കത്ത് സർവീസുകളും ഇതിൽ ഉൾപ്പെടുന്നു.
സ്പൈസ്ജെറ്റ്: ഇന്ന് 14 സർവീസുകളാണ് നടത്തുക. ഇതിൽ 13 സർവീസുകളും ഫുജൈറയിൽ നിന്ന് മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കാണ്. ദുബായിൽ നിന്ന് മുംബൈയിലേക്ക് ഒരു സർവീസാണ് ഷെഡ്യാൾ ചെയ്തിരിക്കുന്നത്.
എമിറേറ്റ്സ്: ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം അടക്കം രാജ്യത്തെ 14 വിമാനത്താവളങ്ങളിലേക്ക് ഇന്ന് ഭാഗികമായി സർവീസ് ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ആകാശ എയർ: മുംബൈയിൽ നിന്ന് വൈകിട്ട് 7.20ന് ജിദ്ദയിലേക്കും, രാത്രി 11.55ന് ജിദ്ദയിൽ നിന്ന് തിരിച്ച് മുംബൈയിലേക്കും ഇന്ന് സർവീസ് ഉണ്ടാകുന്നതാണ്. അബുദാബി, ദോഹ, റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് ഏഴ് വരെ റദ്ദാക്കിയിരിക്കുകയാണ്.
