തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല അർപ്പിച്ച് ഭക്തർ മടങ്ങിയെങ്കിലും രാഷ്ട്രീയ അടുപ്പുകളിൽ വിവാദം തിളയ്ക്കുന്നു. പൊങ്കാല നാളുകളിൽ കുടിവെള്ള പ്രശ്‌നത്തിന്റെ പേരിൽ ബിജെപി ഭരിക്കുന്ന കോർപറേഷനും സർക്കാരും കൊമ്പുകോർത്തതിനു പിന്നാലെ ഇപ്പോൾ പോര് മാലിന്യപ്രശ്‌നത്തെ ചൊല്ലിയാണ്. പൊങ്കാലയ്ക്കു ശേഷം മാലിന്യം നീക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ തന്നെ വിവാദം ഉയർന്നിരുന്നു. മാലിന്യനീക്കം വൈകാൻ കാരണം കോർപറേഷന്റെ പിടിപ്പുകേടാണെന്ന് സിപിഎം അനുകൂല സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനം ഉയർന്നിരുന്നു.
എന്നാൽ സമയബന്ധിതമായി തന്നെ മാലിന്യം നീക്കാൻ കഴിഞ്ഞുവെന്ന് കോർപറേഷൻ അവകാശപ്പെടുന്നത്. ഇതിനിടയിൽ വിവാദം കൊഴുപ്പിച്ച് മന്ത്രി വി.ശിവൻകുട്ടി വിഷയത്തിൽ ശക്തമായ ഇടപെടലാണ് നടത്തിയിരിക്കുന്നത്. മാലിന്യനീക്കത്തിൽ വീഴ്ചയുണ്ടോ എന്നു പരിശോധിക്കാൻ തിരുവനന്തപുരം ആർഡിഒയെ ചുമതലപ്പെടുത്തിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനീക്കം വൈകുന്നതായും ശുചീകരണത്തിൽ വീഴ്ചകൾ സംഭവിക്കുന്നതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിൽപ്പെട്ടുവെന്നും ഉത്സവത്തിന് ശേഷം നഗരം എത്രയും വേഗം വൃത്തിയാക്കേണ്ടത് ആരോഗ്യ സുരക്ഷയ്ക്കും സുഗമമായ ഗതാഗതത്തിനും അത്യാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
