അസമിലെ കാർബി ആംഗ്ലോങ്ങ് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് (Su-30MKI) യുദ്ധവിമാനം തകർന്നു വീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം ജോർഹട്ടിൽ നിന്ന് പതിവ് പരിശീലന പറക്കലിനായി ഉയർന്ന വിമാനം റഡാർ ബന്ധം വേർപെട്ടതിനെത്തുടർന്ന് കാണാതാകുകയായിരുന്നു. വിമാനം തകർന്നുവെന്നും പൈലറ്റുമാർ മരിച്ചുവെന്നും വെള്ളിയാഴ്ച വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സ്ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേഷ് ദുരാഗ്കർ എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് വ്യോമസേന പ്രസ്താവനയിലൂടെ അറിയിച്ചു. ജോർഹട്ട് വ്യോമതാവളത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള മലയോര മേഖലയിലാണ് വിമാനം തകർന്നു വീണത്. വ്യാഴാഴ്ച രാത്രി 7.42-നാണ് വിമാനത്തിന് ഗ്രൗണ്ട് കൺട്രോളുമായുള്ള അവസാന ബന്ധം ലഭിച്ചത്.
അപകടവിവരം അറിഞ്ഞ ഉടൻ തന്നെ പ്രദേശത്ത് വ്യോമസേന തിരച്ചിൽ ആരംഭിച്ചിരുന്നു. ദുർഘടമായ മലനിരകളിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
2000-മാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ സുഖോയ് Su-30 MKI, രാജ്യത്തെ ഏറ്റവും കരുത്തുറ്റ മുൻനിര പോരാട്ട വിമാനമായാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ ഇരുന്നൂറിലധികം സുഖോയ് വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ പക്കലുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
