മുംബൈ∙ ത്രിവർണ പതാക പുതച്ച നീലക്കടലാണ് വാങ്കഡെ. അവിടെ അലയടിക്കുന്ന ആവേശം മൈതാനത്തിന്റെ അതിരുകളെ പ്രതീക്ഷകൾ കൊണ്ടും സ്വപ്നങ്ങൾ കൊണ്ടും നക്ഷത്രത്തിളക്കമണിയിക്കുന്നു. സഞ്ജു സാംസണിന്റെ വാക്കുകളിൽ പറഞ്ഞാൽ, ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം കിരീടത്തിലേക്ക് ‘ഇനി രണ്ടു ചുവടുകൾ മാത്രം’. അതിലെ ഒന്നാം കടമ്പയാണ് ഇന്നു വൈകിട്ട് ഏഴിനു വാങ്കഡെ സ്റ്റേഡിയത്തിലെ സെമിഫൈനൽ. എതിരാളികൾ കരുത്തരായ ഇംഗ്ലണ്ട്. ഇൗ ലോകകപ്പിൽ ഇതുവരെ സ്ഥിരതയുള്ള പ്രകടനത്തിന്റെ മികവുമായി അവർ വെല്ലുവിളി ഉയർത്തുമ്പോൾ കളിയിൽ തീപാറും.

സൂപ്പർ 8 റൗണ്ടിൽ ആദ്യഘട്ടത്തിൽ പതറിയ ഇന്ത്യ വൻ തിരിച്ചുവരവാണ് നടത്തിയത്. ആരൊക്കെ വീണാലും സഞ്ജു എന്ന കൈക്കരുത്ത് ടീമിനെ ഒറ്റയ്ക്കു തോളിലേറ്റുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. വാങ്കഡെയുടെ മണ്ണിൽ ആർത്തലയ്ക്കുന്ന കാണികളുടെ നീലക്കടൽ ഇന്ത്യയ്ക്ക് ആവേശം പകരുമ്പോൾ ഏതു തിരമാലകളെയും വകഞ്ഞുമാറ്റി കുതിക്കാനുള്ള ഓൾറൗണ്ട് മികവിലാണ് ഇംഗ്ലണ്ടിന്റെ വിശ്വാസം. ചിലതു തങ്ങൾ തീരുമാനിച്ചു വച്ചിട്ടുണ്ടെന്നാണ് ഇംഗ്ലിഷ് താരം സാം കറൻ പറഞ്ഞത്. അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ… എന്നിങ്ങനെ ഇന്ത്യൻ ടോപ് ഓർഡർ ബാറ്റർമാരെ ലക്ഷ്യമിട്ടാണ് ആ പരാമർശം. ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്. 2022ൽ ഇംഗ്ലണ്ടും 2024ൽ ഇന്ത്യയും ജയിച്ചു; 2 തവണയും വിജയിച്ചവർ കിരീടവും ചൂടി. അതിനാൽ ഇന്നത്തെ വിജയികൾക്ക് കിരീട പ്രതീക്ഷ കൂടും. സഞ്ജുവാണ് എല്ലാം…. ഇന്ത്യൻ ആരാധകരുടെ മനസ്സിലെങ്ങും സഞ്ജു സാംസന്റെ കട്ടൗട്ടാണ്. കൂറ്റൻ അടികളിലൂടെ സ്കോർ ഉയർത്താനുള്ള യന്ത്രമായിരുന്ന സഞ്ജു, വിൻഡീസിനെതിരെയുള്ള നിർണായക പോരാട്ടത്തിൽ രാജ്യത്തെയും സ്വപ്നങ്ങളെയും തോളിലേറ്റി. ചൊവ്വാഴ്ച രണ്ടു മണിക്കൂറിലേറെ പരിശീലനം നടത്തിയ ഇന്ത്യൻ ടീം ഇന്നലെ കാര്യമായി കളത്തിലിറങ്ങിയില്ല. തിലക് വർമ, റിങ്കു സിങ്, വരുൺ ചക്രവർത്തി, വാഷിങ്ടൺ സുന്ദർ എന്നിവർ മാത്രം പരിശീലനത്തിന് ഇറങ്ങി.