തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണ വില കൂടി. റേഷൻ മണ്ണെണ്ണയുടെ വിൽപന വിലയിലാണ് നാല് രൂപയുടെ വർദ്ധനവ് ഉണ്ടായത്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 71 രൂപയായി. അഞ്ച് ദിവസമായി തുടരുന്ന അമേരിക്ക – ഇറാൻ -ഇസ്രായേൽ സംഘർഷമാണ് വില വർദ്ധനവിന് കാരണമായത്.

പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ എണ്ണക്കമ്പനികൾ അടിസ്ഥാനവില 52.16 രൂപയിൽ നിന്ന് 56 രൂപയായി കൂട്ടിയതോടെയാണ് നികുതി, കമ്മി എന്നിവ ഉൾപ്പെടെ റേഷൻ മണ്ണെണ്ണയുടെ വില 71 രൂപയായത്. റേഷൻ കടകളിലും മൊത്ത വ്യാപാരികളുടെ പക്കലുമായി 25,71,345 ലിറ്റർ മണ്ണെണ്ണയാണ് സ്റ്റോക്കുള്ളത്. നിലവിൽ സ്റ്റോക്കുള്ള ഈ മണ്ണെണ്ണ പുതുക്കിയ വിലയ്ക്ക് വിറ്റഴിച്ചാൽ സംസ്ഥാന സർക്കാരിന് 1.02 കോടി രൂപയാണ് അധികമായി ലഭിക്കുന്നത്. സ്റ്റോക്ക് പഴയ വിലയ്ക്ക് വിൽക്കാൻ സർക്കാരിന് തടസമൊന്നുമില്ല.

അതേസമയം, ഈ മാസം എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഒരു ലിറ്റർ മണ്ണെണ്ണ സ്റ്റോക്ക് ലഭ്യതയ്ക്ക് അനുസരിച്ച് നൽകാൻ ഉത്തരവിറക്കിയിരുന്നു. അതിൻ പ്രകാരം, വൈദ്യുതി കണക്ഷൻ ഉള്ള വീടുകൾക്ക് ഒരു ലിറ്ററും വൈദ്യുതിയില്ലാത്ത വീടുകൾക്ക് നാല് ലിറ്ററും മണ്ണെണ്ണ ഈ മാസം ലഭിക്കുന്നതാണ്. 2025-26 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ അനുവദിച്ച വിഹിതം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വാങ്ങിയവർക്കും വാങ്ങാത്തവർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.

മാർച്ച് മാസത്തിലെ റേഷൻ വിതരണം ഇന്നലെ മുതൽ ആരംഭിച്ചു. മഞ്ഞ കാർഡിന് കാ‍ർഡിന് ഈ മാസത്തിൽ 30 കിലോ അരിയും 2 കിലോ ​ഗോതമ്പും സൗജന്യമായും, 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും, 1 കിലോ പഞ്ചസാര 27 രൂപയ്ക്കും ലഭിക്കുന്നതാണ്. നീല കാർഡിന് അധികമായി രണ്ടുകിലോഗ്രാം അരി വീതം കിട്ടുന്നതാണ്. മുൻ​ഗണന വിഭാ​ഗം കാർഡിലെ ഓരോ അം​ഗത്തിനും 4 കിലോ അരിയും, 1 കിലോ ​ഗോതമ്പും സൗജന്യമായും ലഭിക്കും.