വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് വിജയ്. കരിയറിലെ ഏറ്റവും ദീപ്തമായ ഒരു ഘട്ടത്തില്‍ പടമൊന്നുക്ക് 250 കോടി പ്രതിഫലം വാങ്ങുന്ന നടന്‍ അഭിനയം അവസാനിപ്പിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും നിർണായകമായ തീരുമാനങ്ങളിലൊന്നായിരുന്നു വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിക്കും രൂപം നല്‍കി. അതിനോട് അനുബന്ധിച്ച് നടന്ന യോഗങ്ങളില്‍ തടിച്ചു കൂടിയ ലക്ഷകണക്കിന് വരുന്ന പുരുഷാരത്തില്‍ നിന്ന് തന്നെ വിജയ്‌യുടെ ജനപ്രീതി എത്ര ഉയരത്തിലാണെന്ന് കണ്ട് രാഷ്ട്രീയക്കാര്‍ നടുങ്ങി. വിജയ് തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് കണ്ട് അദ്ദേഹത്തെ തളയ്ക്കാന്‍ അവര്‍ പല വഴികളും പയറ്റി. അടുത്തിടെ ഒരു സമ്മേളനത്തില്‍ ജനബാഹുല്യം നിമിത്തം മരണം സംഭവിച്ചതിന്റെ ഉത്തരവാദിത്തം വിജയ്‌യുടെ തലയില്‍ കെട്ടിവയ്ക്കാനാണ് അവര്‍ ശ്രമിച്ചത്. വിജയ് ആവശ്യപ്പെട്ട പ്രകാരം മീറ്റിങ് നടത്താന്‍ വിശാലമായ ഒരു ഇടം പോലും അനുവദിക്കപ്പെട്ടില്ല. എന്നാല്‍ ഏത് പ്രതിബന്ധമുണ്ടായാലും തമിഴ്‌നാടിന്റെ രാഷ്ട്രീയ സിരാകേന്ദ്രത്തില്‍ താന്‍ എത്തിപ്പെടുമെന്ന വാശിയിലാണ് വിജയ്. മുഖ്യമന്തിപദം തന്നെയാണ് അദ്ദേഹത്തിന്റെ സ്വപ്നമെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. എന്നാല്‍ വിജയ് ഒന്നും വിട്ടു പറഞ്ഞിട്ടില്ല. പറയാതെ പറച്ചിലുകളാണ് അദ്ദേഹത്തിന്റെ സ്‌റ്റൈല്‍. പ്രമുഖര്‍ക്ക് മുന്നില്‍ ചങ്കുറപ്പോടെ നിന്ന വിജയ്
ജയലളിതയുടെ പ്രതാപകാലത്ത് അവരുമായി പോലും കൊമ്പുകോര്‍ക്കാന്‍ കാണിച്ച തന്റേടം വിജയ്‌യുടെ സവിശേഷതയാണ്. 51 വയസ്സ് പിന്നിട്ടിട്ടും പുറം കാഴ്ചയില്‍ ചെറിയ പയ്യനായി തോന്നുന്ന വിജയ്‌യുടെ ആന്തരിക ശക്തിയെക്കുറിച്ച് അടുപ്പമുളളവര്‍ക്കെല്ലാം നല്ല ബോധ്യമുണ്ട്. തമിഴ് സിനിമയില്‍ എതിരാളികളില്ലെന്ന സ്വകാര്യ അഹങ്കാരം കൊണ്ടു നടന്ന സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന് ഏറെക്കാലമായി വിജയ് ഭീഷണിയായിരുന്നു. വിജയ് നിക്കറിട്ട് നടക്കുന്ന പ്രായത്തില്‍ തമിഴ് സിനിമയിലെ സൂപ്പര്‍സ്റ്റാറായിരുന്നു രജനി. ആ സിംഹാസനം തകര്‍ക്കാന്‍ പിന്നീട് വന്ന ആര്‍ക്കും തന്നെ കഴിഞ്ഞിട്ടില്ല. സാക്ഷാല്‍ ഉലകനായകന് പോലും. എന്നാല്‍ വിജയ് ആ ധാരണ പൊളിച്ചടുക്കി. ഇനീഷ്യല്‍ കലക്‌ഷനിലും ടോട്ടല്‍ കലക്‌ഷനിലും പ്രതിഫലത്തിലും ജനപ്രീതിയിലും ആരാധകബഹുല്യത്തിലുമെല്ലാം രജനികാന്ത് സിനിമകള്‍ക്ക് അചിന്ത്യമായ നേട്ടമാണ് തമിഴ്‌നാട്ടിലും ഇന്ത്യ ഒട്ടാകെയും ആഗോള തലത്തിലും എന്തിന് കേരളത്തില്‍ പോലും വിജയ് സിനിമകള്‍ കൈവരിച്ചത്. രജനി രാഷ്ട്രീയത്തിലിറങ്ങാന്‍ പല മുന്നൊരുക്കങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം നനഞ്ഞ പടക്കമായി. കമലാകട്ടെ നടന്‍ എന്ന നിലയില്‍ ഇതിഹാസമായി മാറിയ ഒരാളുടെ പ്രതിച്ഛായക്ക് ഇണങ്ങാത്ത വിധം ഒരു കോമഡി പീസായി മാറി രാഷ്ട്രീയത്തില്‍. എന്നാല്‍ വിജയ് ഒരു എടുത്തുചാട്ടക്കാരനല്ല. ഒരു ദശകം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് അദ്ദേഹം അഭിനയം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. അതിന്റെ മൂന്നോടിയായി തദ്ദേശസ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ ഒരു ടെസ്റ്റ് ഡോസ് എന്നോണം തന്റെ കക്ഷിയെ മത്സരിപ്പിക്കുകയും അതില്‍ 90% സീറ്റുകളിലും വിജയം കൊയ്യുകയും ചെയ്തു. മീറ്റിങുകളില്‍ തടിച്ചു കുടുന്ന ജനം മുഴുവന്‍ വോട്ടായി മാറില്ലെന്ന പ്രായോഗിക ബോധം അദ്ദേഹത്തിനുണ്ട്. എന്നാല്‍ എങ്ങനെ അത് വോട്ടാക്കി മാറ്റാമെന്ന് അദ്ദേഹം ചിന്തിക്കുന്നു. പ്രവര്‍ത്തിക്കുന്നു. ജീവിതസായാഹ്‌നത്തിലെത്തി നില്‍ക്കുന്ന കമല്‍-രജനിമാരെ പോലല്ല വിജയ്. അദ്ദേഹത്തിന് ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ട്. 50 പിന്നിട്ടിട്ടും ഒരു 35 കാരന്റെ ഊര്‍ജ്ജസ്വലതയും ശരീരഭാഷയും നിലനിര്‍ത്തുന്നു. മാറിയ കാലത്തിനൊപ്പം സഞ്ചരിക്കാന്‍ കെല്‍പ്പുളള ഒരാളാണ് താനെന്ന പ്രതീതി ജനിപ്പിക്കുന്നു അദ്ദേഹം. ആരോപണത്തില്‍ കുരുങ്ങുമോ രാഷ്ട്രീയഭാവി? മുഖ്യമന്ത്രിപദത്തിലേക്കുളള യാത്രയുടെ ദൂരം അനുദിനം കുറയുന്നു എന്ന തോന്നല്‍ ജനിപ്പിച്ചുകൊണ്ട് മൂന്നേറുന്നതിനിടയിലാണ് ഏറെക്കാലമായി ഗോസിപ്പ് കോളങ്ങളില്‍ പുകഞ്ഞുകൊണ്ടിരുന്ന ഒരു വാര്‍ത്ത അശനിപാതം പോലെ വിജയ്‌യുടെ നേര്‍ക്ക് വരുന്നത്. വിജയ്‌യും സഹപ്രവര്‍ത്തകയായ ഒരു നടിയും തമ്മിലുളള അടുപ്പം അതിന്റെ എല്ലാ അതിരുകളും ഭേദിച്ചുവെന്നും ഇതില്‍ പ്രകോപിതയായ ഭാര്യ സംഗീത രണ്ട് മക്കള്‍ക്കൊപ്പം വിദേശത്തുളള സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരിക്കുന്നു എന്നുമായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ വിജയ്‌യോ നടിയോ സംഗീതയോ ഇത് സംബന്ധിച്ച് പരസ്യപ്രതികരണത്തിന് മുതിരാത്തതുകൊണ്ട് ഈ വാര്‍ത്ത ആരും അത്ര ഗൗരവമായി കണ്ടിരുന്നില്ല. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് സംഗീത വിജയ്‌ക്കെതിരെ വിവാഹമോചന കേസ് ഫയല്‍ ചെയ്തതോടെ ഈ ആരോപണം സ്ഥിരീകരിക്കപ്പെട്ടു. വിജയ്ക്ക് മറ്റൊരു നടിയുമായുളള അടുപ്പമാണ് ബന്ധം വേര്‍പെടുത്താനുളള കാരണമായി സംഗീത ചൂണ്ടികാണിക്കുന്നതെന്നും അറിയുന്നു. 5 വര്‍ഷമായി തങ്ങള്‍ അകന്നാണ് കഴിയുന്നതെന്നും ഉടനടി വിവാഹമോചനം വേണമെന്നുമാണ് സംഗീത ഹര്‍ജിയില്‍ പറയുന്നത്.
