തിരുവനന്തപുരം: നഗരൂരിൽ പോലീസ് ജീപ്പ് തടഞ്ഞ് നിർത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകർ കസ്റ്റഡിയിൽ. സിപിഎം വെള്ളല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി രതീഷ്, ബ്രാഞ്ച് സെക്രട്ടറി വിഷ്ണു എന്നിവരാണ് ആറ്റിങ്ങൽ ഡിവൈഎസ്പി ഓഫീസിൽ ഇന്ന് കീഴടങ്ങിയത്. ആകെ ഒമ്പത് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നു. കോൺഗ്രസ് ഫ്ലക്സ് തകർത്തതുമായി ബന്ധപ്പെട്ട പരാതിയിൽ നോട്ടീസ് നൽകാൻ വീട്ടിലെത്തിയ എസ്എച്ച് ഒ ഉൾപ്പെടെയുളളവരെ ഡിവൈഎഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ജീപ്പ് തടഞ്ഞുള്ള അക്രമം.
കെ.എസ്.യു സംഘർഷത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റതിന് പിന്നാലെ വിവിധയിടങ്ങളിൽ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രതിഷേധപ്രകനങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെ നഗരൂരിൽ കോൺഗ്രസ് ഫ്ലക്സ് ബോർഡുകൾ തകർത്തു. പിന്നാലെ യൂത്ത് കോൺഗ്രസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.
കേസെടുത്തതിന്റെ ഭാഗമായി നോട്ടീസ് നൽകാൻ പോകുമ്പോഴാണ് പോലീസിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പിന്നാലെ, എസ്‌ഐയടക്കം സഞ്ചരിച്ചിരുന്ന പോലീസ് വാഹനം തടഞ്ഞുനിർത്തുകയും ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷം നടത്തുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിന്നാലെയാണ് ഒമ്പത് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. ഇനി ഏഴ് പേരെ കൂടി പിടികൂടാനുണ്ട്.
