എറണാകുളം: ഡാറ്റ സന്ദേശ വിവാദത്തില്‍ സർക്കാരിനെതിരെ കൂടുതൽ രേഖകളുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഒഎസ്‌ഡി എഴുതിയ കത്ത് പുറത്തുവിട്ടു. സ്ത്രീകളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുകയാണ്. അതീവ രഹസ്യ സ്വഭാവമുള്ള വ്യക്തിഗത വിവരങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്തെന്നും മുഖ്യമന്ത്രി ചെയ്തത് ഗുരുതര ക്രിമിനൽ കുറ്റമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
“യാതൊരു മുൻകരുതലും ഇല്ലാതെ സ്വകാര്യ ഏജൻസിക്ക് ഡാറ്റ കൈമാറി. ഇത്രയും ബൾക്ക് മെസേജ് അയക്കാൻ ഐടി വകുപ്പിന് കഴിയില്ല. ഇത് ഒരു സ്വകാര്യ ഏജൻസിക്ക് അയച്ചു കൊടുത്തു എന്നാണ് വാർത്താ മാധ്യമങ്ങളിൽ നിന്ന് മനസിലായത്. സൈബർ തട്ടിപ്പുകാരുടെ കൈയിലേക്ക് കേരളത്തിലെ 35 വയസു കഴിഞ്ഞ സ്ത്രീകളുടെ വിവരങ്ങൾ കിട്ടിയാൽ എന്താകും സ്ഥിതി. ഗുരുതര സാമൂഹിക വിഷയമായി കൂടി ഇത് മാറുകയാണ്.
ഐടി വകുപ്പിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പത്തോളം സ്വകാര്യ ഏജൻസികളെ എം പാനൽ ചെയ്യാൻ ഒഎസ്‌ഡി ഉത്തരവിറക്കി. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എന്തിനാണ് ഇങ്ങനെ എം പാനൽ ചെയ്തത്? ഇതിൻ്റെ പ്രത്യാഘാതം മുഖ്യമന്ത്രിയും നേരിടേണ്ടി വരും. മുഖ്യമന്ത്രി മൗലികാവകാശങ്ങളുടെ ലംഘനം നടത്തി. വ്യക്തികളുടെ എല്ലാ വിവരങ്ങളും രഹസ്യങ്ങളും ചോർത്തി എടുക്കുന്നു. മുഖ്യമന്ത്രിക്കും ഓഫീസിനും ഒഎസ്‌ഡിക്കുമെതിരെ നിയമ നടപടി സ്വീകരിക്കണം. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണം”, രമേശ് ചെന്നിത്തല.
