ചെന്നൈ: ടി20 ലോകകപ്പ് സൂപ്പര്‍ 8ലെ നിര്‍ണായക പോരാട്ടത്തില്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ജയം. ഇന്ത്യ 72 റണ്‍സിനു പോരാട്ടം ജയിച്ചു കയറി. അടുത്ത മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി. മറുപടി ബാറ്റിങില്‍ ഇന്ത്യയെ വിറപ്പിച്ചാണ് സിംബാബ്‌വെ തോല്‍വി സമ്മതിച്ചത്. അവരുടെ പോരാട്ടം 6 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ അവസാനിച്ചു.
ഓപ്പണറായി എത്തി പുറത്താകാതെ നിന്ന ബ്രയാന്‍ ബെന്നറ്റിന്റെ ഒറ്റയാള്‍ പോരാട്ടം വിഫലമായി. താരം 60 പന്തില്‍ 97 റണ്‍സെടുത്തു. 8 ഫോറും 6 സിക്‌സും അടങ്ങുന്ന ഉജ്ജ്വല ഇന്നിങ്‌സാണ് താരം കളിച്ചത്. അര്‍ഹിച്ച സെഞ്ച്വറിയിലേക്ക് താരത്തിനു എത്താനായില്ല. 21 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും പൊരുതി നോക്കി. എന്നാല്‍ അതും മതിയായില്ല. 2 സിക്‌സുകള്‍ സഹിതം 20 റണ്‍സെടുത്ത മറുമാനിയാണ് തിളങ്ങിയ മറ്റൊരാള്‍.
ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ശിവം ദുബെയുടെ ബൗളിങ് പക്ഷേ ദയനീയമായിരുന്നു. താരത്തിന്റെ രണ്ടോവറില്‍ പിറന്നത് 46 റണ്‍സ്!
