കാസർകോട്: അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കൈവിരല്‍ ഒടിച്ച്‌ ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍. ഹൊസബെട്ടുവിലെ മൊയ്നുദ്ദീൻ സമായെയാണ് (33) ഇന്ന് പുലർച്ചെ മഞ്ചേശ്വരം പോലീസ് മംഗളൂരു കല്ലാപ്പു പച്ചക്കറി മാർക്കറ്റില്‍ വച്ച്‌ അറസ്റ്റ് ചെയ്തത്.

യുവതിയേയും യുവാവിനെയും ഒരുമിച്ചിരുത്തി നഗ്നദൃശ്യം പകർത്തി പണം ചോദിച്ച്‌ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് മൊയ്നുദ്ദീൻ സമാ.
ജനുവരി 14ന് ഉച്ചയ്ക്ക് 12ന് ഹൊസങ്കടിയിലാണ് സംഭവം. ഉള്ളാല്‍ താലൂക്കിലെ കൈരങ്കള സ്വദേശി മുഹമ്മദ് ഹനീഫ് (41), പെണ്‍ സുഹൃത്ത് ദക്ഷിണ കന്നഡ സ്വദേശിയായ 30കാരി എന്നിവരാണ് അക്രമണത്തിന് ഇരയായത്.

ഇരുവരും ഉണ്ടായിരുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറിയ മൊയ്നുദ്ദീൻ ഉള്‍പ്പെടുന്ന സംഘം യുവാവിനേയും പെണ്‍സുഹൃത്തിനേയും ഒരുമിച്ചിരുത്തി നഗ്ന ഫോട്ടോകളും വിഡിയോകളും പകർത്തി. തുടർന്ന് രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു.

പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 5,000 രൂപയും മൊബൈല്‍ ഫോണുമായി സംഘം കടന്നുകളയുകയായിരുന്നു. തുടർന്ന് യുവാവും യുവതിയും പോലീസില്‍ പരാതി നല്‍കി.

പ്രതികള്‍ ഉണ്ടെന്ന് അറിഞ്ഞ് പോലീസ് മംഗളൂരുവിലെത്തി. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വനിതാ സിവില്‍ പോലീസ് ഓഫിസറുടെ കൈവിരല്‍ ഒടിച്ച്‌ മൊയ്നുദ്ദീൻ സമാൻ രക്ഷപ്പെടുകയായിരുന്നു.