കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണത്തിൽ ആരോപണപ്രത്യാരോപണങ്ങൾ തുടരുന്നു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി അടക്കം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്നും സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ അഴിച്ചുവിടുന്നു എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ആരോഗ്യ മന്ത്രിയാണ് പൊലീസിൻ്റെ അടുത്തേക്ക് ചെന്നത്. സ്പീക്കർ ഗൂഢാലോചനയുടെ ഭാഗമാകുകയും പഴയ എസ്എഫ്ഐക്കാരനായി മാറുകയും ചെയ്തു എന്നും സതീശൻ പറഞ്ഞു.
ആരോഗ്യമന്ത്രി കേരളത്തിൻ്റെ മുന്നിൽ പരിഹാസ്യ കഥാപാത്രമായി മാറി. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്തു പോലും ചെന്നിട്ടില്ല. ആടിനെ പട്ടിയാക്കുന്ന പരിപാടിയാണ് നടക്കുന്നത്. പാർട്ടി സെക്രട്ടറി പച്ചക്കള്ളം പറയുന്നു. ആ പദവിയിലിരിക്കാൻ എം.വി. ഗോവിന്ദൻ യോഗ്യനല്ല. കലാപാഹ്വാനം നടത്തിയതിന് ഗോവിന്ദനെതിരെ കേസെടുക്കണമെന്നും സതീശൻ സതീശൻ ആവശ്യപ്പെട്ടു.
കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയിട്ടില്ല. മന്ത്രിയാണ് ആക്രമിക്കാൻ ചെന്നതെന്ന് കെ. മുരളധീരൻ പറഞ്ഞു. മർദിക്കുന്ന ദൃശ്യങ്ങൾ ഉണ്ടെങ്കിൽ പുറത്ത് വിടണം. സംഭവത്തിന് പിന്നാലെ നാട്ടിലെങ്ങും കലാപം ഉണ്ടായി എന്നും മുരളധീരൻ ചൂണ്ടിക്കാട്ടി. സിപിഐഎമ്മിൻ്റെ പാർട്ടി ഓഫീസ് പോലെയാണ് പരിയാരം മെഡിക്കൽ കോളേജ്. മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് തിരക്കഥയുടെ ഭാഗമാണ്. എങ്ങനെയാണ് പെട്ടെന്ന് കഴുത്തിന് പരിക്ക് പറ്റുന്നത്. മോണോ ആക്ടിങ് അവാർഡ് കിട്ടിയതിൻ്റെ തുടർച്ച ആയിരിക്കും ഇന്നലത്തെ സംഭവമെന്നും മുരളീധരൻ വ്യക്തമാക്കി.
വാർത്ത വായിക്കുന്നത് പോലെ അഭിനയിക്കാനും മന്ത്രി മിടുക്കിയാണ്. ഷംസീറിൻ്റെ തിരക്കഥയാണ് ഇന്നലെ ഉണ്ടായത്. ഡിവൈഎഫ്ഐ നിലയിലേക്ക് സ്പീക്കർ തരം താഴരുത് എന്നും മുരളീധരൻ പറഞ്ഞു. പുതുയുഗ യാത്രയെ തകർക്കാനാണ് ശ്രമമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യമന്ത്രിക്ക് കെഎസ്‌യു പ്രവർത്തകരിൽ നിന്ന് കയ്യേറ്റം ഉണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. കരിങ്കൊടി കാണിച്ചു എന്നത് യാഥാർഥ്യം ആണ്. അവരെ പൊലീസ് വളഞ്ഞിട്ട് പിടികൂടിയിട്ടുമുണ്ട്. മന്ത്രിയാണ് ഇങ്ങോട്ട് ആക്രോശിച്ചതെന്നും വാസ്തവ വിരുദ്ധമായ കാര്യം പറഞ്ഞ് അക്രമം അഴിച്ചു വിട്ടത് ആരോഗ്യ മന്ത്രിയാണ് എന്നും സണ്ണി ജോസഫ് വ്യക്തമാക്കി. എന്ത് പരിക്കാണെന്ന് മന്ത്രി കാണിക്കട്ടെ. എല്ലാ അന്വേഷണത്തോടും സഹകരിക്കും. വീണ ജോർജിൻ്റേത് അഭിനയം ആണോ എന്ന് ജനം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയ വീണ ജോർജ് മാപ്പ് പറയണമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. കരിങ്കൊടിയുടെ നൂലിഴ പോലും മന്ത്രിയെ സ്പർശിച്ചിട്ടില്ല. മന്ത്രി നടത്തിയ വ്യാജ ആരോപണത്തിൻ്റെ പേരിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കലാപത്തിന് ആഹ്വാനം ചെയ്തു എന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
എ. എൻ. ഷംസീറിൻ്റെ തിരക്കഥയിൽ മുഖ്യമന്ത്രി സംവിധാനം ചെയ്ത് വീണാ ജോർജ് അഭിനയിച്ച നാടകമാണ് ഇന്നലെ കണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് ബിനു ചുള്ളിയിൽ പറഞ്ഞു. ഒരു മാധ്യമത്തിലും മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം പുറത്ത് വന്നിട്ടില്ല. ഷംസീറിൻ്റെ ഫോൺ കോളുകൾ പരിശോധിക്കണമെന്നും ആരോഗ്യ വകുപ്പിനെതിരെ പ്രതിഷേധം തുടരുമെന്നും ബിനു ചുള്ളിയിൽ അറിയിച്ചു.
