ഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രവിശ്യകളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് കനത്ത സൈനിക തിരിച്ചടി നൽകുമെന്ന് താലിബാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഇതോടെ ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. അൽ അറബിയ ഇംഗ്ലീഷിന് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് സബീഹുള്ള മുജാഹിദാണ് പാകിസ്ഥാന്റെ പ്രവൃത്തിക്ക് “സ്വാഭാവികമായും” സൈനികമായ മറുപടി ലഭിക്കുമെന്ന് വ്യക്തമാക്കിയത്.

“സ്വാഭാവികമായും ഇതൊരു സൈനിക പ്രതികരണമായിരിക്കും, എന്നാൽ അതിന്റെ വിശദാംശങ്ങൾ രഹസ്യമാണ്. പാകിസ്ഥാൻ ചെയ്ത നാണംകെട്ട പ്രവർത്തിക്ക് അവർക്ക് മറുപടി ലഭിച്ചിരിക്കണം,” മുജാഹിദ് പറഞ്ഞു. കിഴക്കൻ നംഗർഹാർ, തെക്കുകിഴക്കൻ പക്തിക പ്രവിശ്യകളിൽ പാകിസ്ഥാൻ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളിൽ ഭീകര കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന ഇസ്‌ലാമാബാദിന്റെ അവകാശവാദം താലിബാൻ പൂർണ്ണമായും തള്ളി.

വ്യോമാക്രമണത്തിന് പിന്നാലെ തോർഖാം, തിരാ സെക്ടറുകളിൽ പാക്-അഫ്ഗാൻ സൈന്യങ്ങൾ തമ്മിൽ നേരിട്ട് വെടിവെപ്പ് ഉണ്ടായി. പ്രകോപനമില്ലാതെ താലിബാൻ വെടിയുതിർക്കുകയായിരുന്നുവെന്നും പാക് സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നും പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വക്താവ് മൊഷറഫ് സെയ്ദി പറഞ്ഞു. എന്നാൽ പാക് സൈന്യമാണ് ആദ്യം വെടിയുതിർത്തതെന്നും തങ്ങൾ സ്വയം പ്രതിരോധിക്കുകയായിരുന്നുവെന്നും താലിബാൻ സൈന്യം മറുപടി നൽകി.

നിലവിൽ നംഗർഹാർ ജില്ലയിലെ ഷാകോട്ട് മേഖലയിൽ വെടിവെപ്പ് നിലച്ചിട്ടുണ്ടെങ്കിലും അതിർത്തിയിൽ അതീവ ജാഗ്രത തുടരുകയാണ്. 2,600 കിലോമീറ്റർ നീളമുള്ള അതിർത്തി മേഖലയിലെ സമാധാനം നിലവിൽ കടുത്ത ഭീഷണിയിലാണ്. ഭീകര സംഘടനകളുടെ സാന്നിധ്യത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോരും സൈനിക നീക്കങ്ങളും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.