ഇങ്ങനെ ചെയ്യരുത്, നീ പോയാൽ നമ്മൾ എന്തുചെയ്യും?
അർജിത്തിന്റെ നാട്ടിൽ തികച്ചും സാധാരണക്കാരനായി സമയം ചെലവഴിക്കുന്ന ആമിറിനെയാണ് വീഡിയോയിൽ കാണുന്നത്.
മുംബൈ: ബോളിവുഡിലെ ഹിറ്റ് ഗായകൻ അർജിത് സിങ് പിന്നണി ഗാനരംഗം വിടുന്നു എന്ന വാർത്തകൾക്കിടെ, തീരുമാനം പിൻവലിക്കാൻ അഭ്യർത്ഥനയുമായി സൂപ്പർ താരം ആമിർ ഖാൻ രംഗത്ത്. അരിജിത്തിന്റെ സ്വദേശമായ പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെത്തിയാണ് ആമിർ ഗായകനെ നേരിട്ട് കണ്ടത്.
നീ വിട്ടുപോയാൽ ഞങ്ങൾ എന്തുചെയ്യും?
ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ നായകനാകുന്ന ഏക് ദിൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് റെക്കോർഡ് ചെയ്യുന്നതിനാണ് താരം മുർഷിദാബാദിലെത്തിയത്. ഇതിനിടെ പുറത്തുവന്ന ബിഹൈൻഡ് ദി സീൻ വീഡിയോയിലാണ് അർജിത്തിനോട് വിരമിക്കൽ തീരുമാനം മാറ്റാൻ ആമിർ അപേക്ഷിക്കുന്നത്. നീ ഒരു പ്രോജക്റ്റും ഏറ്റെടുക്കുന്നില്ലേ? കുറച്ചുനാളത്തേക്ക് ഒരു ഇടവേള എടുക്കുകയാണോ അതോ ഹിന്ദി സിനിമകൾക്ക് സിങ്ങിനെ വേണ്ടെന്ന് നീ ആഗ്രഹിക്കുന്നുണ്ടോ? ഇങ്ങനെ ചെയ്യരുത്, നീ പോയാൽ നമ്മൾ എന്തുചെയ്യും?” – വീഡിയോയിൽ ആമിർ ചോദിക്കുന്നു.
തന്റെ പ്രിയ നടന്റെ വാക്കുകൾ കേട്ട് അർജിത് ആമിറിന്റെ കാലിൽ തൊട്ട് വന്ദിക്കുകയും അദ്ദേഹത്തെ ചേർത്തുപിടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. അർജിത്തിന്റെ നാട്ടിൽ തികച്ചും സാധാരണക്കാരനായി സമയം ചെലവഴിക്കുന്ന ആമിറിനെയാണ് വീഡിയോയിൽ കാണുന്നത്. അർജിത്തിനൊപ്പം പട്ടം പറത്തിയും ചെസ്സ് കളിച്ചും ആമിർ സമയം ചെലവഴിക്കുന്നതും നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ആമിറിനും സംഘത്തിനും അരിജിത് നേരിട്ട് ഭക്ഷണം വിളമ്പിക്കൊടുക്കുന്നതും കാണാം. അരിജിത്തിന്റെ സ്കൂട്ടറിന് പിന്നിലിരുന്ന് ആമിർ ഗ്രാമത്തിലൂടെ ചുറ്റിക്കറങ്ങി.
സായ് പല്ലവിയും ജുനൈദ് ഖാനും ആദ്യമായി ഒന്നിക്കുന്ന പ്രണയചിത്രമാണ് ‘ഏക് ദിൻ’. 2016-ൽ പുറത്തിറങ്ങിയ ‘വൺ ഡേ’ എന്ന തായ് സിനിമയുടെ റീമേക്കാണിത്. രാം സമ്പത്ത് സംഗീതം നൽകുന്ന ചിത്രം ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. മെയ് 1-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.
