ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ കൊടുംകാടുകളിലും പർവ്വതനിരകളിലും ഇന്ത്യൻ സൈന്യവും പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ ത്രാഷി-1’ വൻ വിജയം. ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ മുഖമായിരുന്ന സൈഫുള്ളയെ സൈന്യം വെടിവെച്ചുകൊന്നലപ്പെടുത്തി. 326 ദിവസം നീണ്ടുനിന്ന ഈ ഓപ്പറേഷനിൽ പാകിസ്താൻ പരിശീലനം ലഭിച്ച ഏഴ് ഭീകരരെ സുരക്ഷാ സേന വധിച്ചു.

2016ൽ വധിക്കപ്പെട്ട ബുർഹാൻ വാനിയെപ്പോലെ കശ്മീർ താഴ്വരയിൽ അശാന്തി പടർത്താൻ ശ്രമിച്ചിരുന്ന വ്യക്തിയായിരുന്നു സൈഫുള്ള. പ്രാദേശിക ജനവിഭാഗങ്ങളിൽ നിന്നുള്ള പിന്തുണയും കൃത്യമായ മിലിട്ടറി ഇന്റലിജൻസ് വിവരങ്ങളും സൈന്യത്തിന് ഈ വിജയത്തിൽ നിർണ്ണായകമായി.

അത്യാധുനിക യുദ്ധതന്ത്രങ്ങളും സാങ്കേതികവിദ്യയും ഈ ദൗത്യത്തിൽ സൈന്യം ഫലപ്രദമായി ഉപയോഗിച്ചു. എഫ്.പി.വി ഡ്രോണുകൾ, ആളില്ലാ വിമാനങ്ങൾ, സാറ്റലൈറ്റ് ഇമേജറി എന്നിവ ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. കൂടാതെ, ഏറ്റവും സുരക്ഷിതമായ ആശയവിനിമയ ശൃംഖലകൾ സൈനികരെ എല്ലാ സാഹചര്യങ്ങളിലും പരസ്പരം ബന്ധിപ്പിക്കാനും ദൗത്യം ഏകോപിപ്പിക്കാനും സഹായിച്ചു.

ഇന്ത്യൻ സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സാണ് ഈ ദുർഘടമായ ദൗത്യത്തിന് നേതൃത്വം നൽകിയത്. സൈന്യം, പോലീസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, സിആർപിഎഫ് എന്നിവരുടെ മികച്ച ഏകോപനമാണ് വിജയത്തിന് പിന്നിലുണ്ടായിരുന്നത്.