ന്യൂഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഡൽഹിയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രത പ്രഖ്യാപിച്ചതോടെ പഞ്ചാബിലും കശ്മീരിലും രണ്ട് ഐഇഡികൾ കണ്ടെത്തി . ഐഇഡി കണ്ടെത്തലിനെ ഭീകരാക്രമണ ഗൂഢാലോചന മുന്നറിയിപ്പുമായി അധികൃതർ ബന്ധിപ്പിച്ചിട്ടില്ലെങ്കിലും, സംഭവങ്ങളുടെ സമയം ആശങ്ക ഉയർത്തിയിട്ടുണ്ട്.
പോലീസ് ചൗക്കിന് സമീപം സംശയാസ്പദമായ ഒരു ബാഗ് കണ്ടെത്തി. ഉടൻ തന്നെ ബോംബ് നിർവീര്യമാക്കൽ സ്ക്വാഡിനെ വിളിക്കുകയും അത് ഐഇഡി ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സംഭവവുമായി ബന്ധമുണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആശങ്കകൾ നിലനിൽക്കുന്നു. അമൃത്സറിലെ റായ് പൊലിസ് സ്റ്റേഷന്‍ പരിധിയിൽ വെച്ചാണ് വെള്ളിയാഴ്ച ഐ.ഇ.ഡി സ്ഫോടകവസ്തുവടങ്ങിയ ബാഗ് കണ്ടെടുത്തത്. ബോംബ് സ്ക്വാഡ് ഉടന്‍ സ്ഥലത്തെത്തി സ്ഫോടകവസ്തു നിർവീര്യമാക്കി.
അതേ ദിവസം തന്നെ, കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ സഫാപോറയിൽ മറ്റൊരു ഐഇഡി കണ്ടെത്തി. സൈന്യത്തിന്റെയും ജമ്മു കശ്മീർ പോലീസിന്റെയും ബോംബ് ഡിറ്റക്ഷൻ സ്ക്വാഡ് (ബിഡിഎസ്) ഐഇഡി കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ നിർവീര്യമാക്കി.ഒരാഴ്ചക്കിടെ വടക്കന്‍ കശ്മീരിൽ നിന്നും കണ്ടെത്തുന്ന മൂന്നാമത്തെ ഐ.ഇ.ഡിയാണിത്. വ്യാഴാഴ്ച തങ്മാർഗ് റോഡിലും ബാരമുള്ളയിലുമാണ് മറ്റ് ഐ.ഇ.ഡികൾ കണ്ടെത്തിയത്.
ഡൽഹിയിലെ മത പൈതൃക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്താന്‍ ലഷ്‌കർ-ഇ-ത്വയ്ബ സംഘടന ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി കേന്ദ്ര സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഓൾഡ് ഡൽഹിയിലെ ചാന്ദ്നി ചൗക്കിലും ചെങ്കോട്ടക്ക് സമീപമുള്ള പരിസരപ്രദേങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
