കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ഈ പത്തുമാസം പ്രായമുള്ള കുരുന്നിനെ മൻ കി ബാത്തിലൂടെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേർപാടിൻ്റെ വേദനകൾക്കിടയിലും അവളുടെ മാതാപിതാക്കൾ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്.

ന്യൂഡൽഹി: എബ്രഹാമിൻ്റെയും ഷെറിൻ എബ്രഹാമിൻ്റെയും മകൾ ആലിൻ ഷെറിൻ എബ്രഹാം ഇനി വെറുമൊരു പേരല്ല, മറിച്ച് രാജ്യത്തിൻ്റെ തന്നെ സ്നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും പ്രതീകമാണ്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ഈ പത്തുമാസം പ്രായമുള്ള കുരുന്നിനെ മൻ കി ബാത്തിലൂടെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേർപാടിൻ്റെ വേദനകൾക്കിടയിലും അവളുടെ മാതാപിതാക്കൾ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു. അവരുടെ ആ വലിയ തീരുമാനം മറ്റുള്ളവർക്ക് ജീവിതത്തിൻ്റെ പുതിയ പ്രതീക്ഷയാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ആ കുരന്നിന് മുന്നിൽ വലിയൊരു ജീവിതമാണ് ഉണ്ടായിരുന്നത്. എന്നാൽ പെട്ടെന്നാണ് അത് അവസാനിച്ചത്. മാതാപിതാക്കളുടെയും കുടുംബത്തിൻ്റെ വലിയ സ്വപ്നങ്ങളും പ്രതീക്ഷയുമാണ് ഒരു നിമിഷം കൊണ്ട് അറ്റുപോയത്. അവർ അനുഭവിക്കുന്ന വേദന വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

“ഇത്രയും വലിയ വേദനയ്ക്കിടയിലും, ആലിൻ്റെ പിതാവ് അരുൺ എബ്രഹാമും അമ്മ ഷെറിനും വളരെ വലിയൊരു തീരുമാനമാണെടുത്തത്. രാജ്യത്തെ ഓരോ പൗരന്മാരും അവരെ ബഹുമാനിക്കണം, മാതൃകയാക്കണം. അവർ ആലിൻ്റെ അവയവങ്ങൾ ദാനം ചെയ്തതിലൂടെ മറ്റ് ചിലരുടെ പ്രതീക്ഷകളാണ് പൂവണിഞ്ഞത്” മൻ കി ബാത്തിൽ നരേന്ദ്ര മോദി പറഞ്ഞു.

പത്തുമാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം കോട്ടയത്ത് വച്ച് നടന്ന ഒരപകടത്തിലാണ് മരണപ്പെട്ടത്. ഒടുവിൽ മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ ആ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. കേരളത്തിന് മാത്രമല്ല, ലോകത്തിന് തന്നെ വലിയൊരു മാതൃകയായിരുന്നു അവരുടെ ആ തീരുമാനം.