പുതിയ കമ്മീഷനെക്കുറിച്ചും വരാനിരിക്കുന്ന ശമ്പള വർദ്ധനവിനെക്കുറിച്ചുമുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. സർക്കാർ ജീവനക്കാർക്ക് മാത്രമല്ല, ലക്ഷക്കണക്കിന് വരുന്ന പെൻഷൻകാർക്കും എട്ടാം ശമ്പള കമ്മീഷന്റെ ആനുകൂല്യം ലഭിക്കും.

ഇന്ത്യയിലുടനീളമുള്ള കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പള കമ്മീഷൻ. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31ന് അവസാനിച്ചിരുന്നു. അതനുസരിച്ച് ജനുവരിയിൽ പുതിയ ശമ്പളകമ്മീഷൻ നടപ്പിലാകേണ്ടതായിരുന്നു. എന്നാൽ ഫെബ്രുവരി അവസാനിക്കാറായിട്ടും പുതിയ ശമ്പളപരിഷ്കരണം പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പുതിയ കമ്മീഷനെക്കുറിച്ചും വരാനിരിക്കുന്ന ശമ്പള വർദ്ധനവിനെക്കുറിച്ചുമുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്.

ഡിസംബറിലെ ഉപഭോക്തൃ വില സൂചിക (AICPI-IW) 148.2 പോയിന്റിൽ മാറ്റമില്ലാതെ തുടരുകയാണ്. കൂടാതെ, പണപ്പെരുപ്പ സൂചിക നവംബറിൽ 0.5 പോയിന്റും ഒക്ടോബറിൽ 0.4 പോയിന്റും വർദ്ധിച്ചു. ഇതെല്ലാം ക്ഷാമബത്ത പരിഷ്കരിക്കുന്നതിൽ നിർണായകമാകും. നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 58% ആണ്. എന്നാൽ പണപ്പെരുപ്പ ഡാറ്റയും കണക്കുകളും അടിസ്ഥാനമാക്കി ഇത് 60% ആയി ഉയർത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.

ഹോളിക്ക് മുമ്പ് ഡിഎ വർദ്ധനവ് പ്രഖ്യാപിക്കാനാണ് സാധ്യത. ഇത് സംഭവിച്ചാൽ, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കുടിശ്ശിക ഉൾപ്പെടെ വലിയ തുക ലഭിക്കും. അതേസമയം, ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ ഏകദേശം 30 ശതമാനത്തോളം വർദ്ധനവ് ഉണ്ടായേക്കുമെന്നും റിപ്പോർ‌ട്ടുണ്ട്. ജീവനക്കാരുടെ സംഘടനകൾ വർഷങ്ങളായി ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നാണിത്.