റോഡ് ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത രീതിയിലാകും നിർമ്മാണം നടക്കുക. ആദ്യം തുരങ്കത്തിനായി ഇരുവശത്തും പൈലിങ് നടത്തി തൂണുകൾ നിർമിക്കും.
തിരുവനന്തപുരം: തിരുവനന്തപുരം–കന്യാകുമാരി റെയിൽ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ബാലരാമപുരത്ത് നിർമിക്കുന്ന അത്യാധുനിക തുരങ്കത്തിന്റെ രൂപരേഖയ്ക്ക് ദക്ഷിണ റെയിൽവേ അംഗീകാരം നൽകി. ചെന്നൈ ഐഐടിയിലെ വിദഗ്ധർ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് രൂപരേഖയ്ക്ക് അന്തിമ അനുമതി ലഭിച്ചത്. ഇതോടെ പാത ഇരട്ടിപ്പിക്കൽ ജോലികൾക്ക് വേഗതയേറും.
മണ്ണ് ഇടിയാൻ സാധ്യതയുള്ള മേഖലയായതിനാൽ ‘പൈൽ ആൻഡ് വോൾ സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്. നിലവിലുള്ള പഴയ തുരങ്കത്തിന്റെ വലതുഭാഗത്തായാണ് പുതിയ തുരങ്കം വരുന്നത്. 200 മീറ്റർ നീളവും 16 മീറ്റർ വീതിയും ഈ തുരങ്കത്തിനുണ്ടാകും. 30 കോടി രൂപയാണ് പദ്ധതിയുടെ ഏകദേശ ചെലവ്.
റോഡ് ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത രീതിയിലാകും നിർമ്മാണം നടക്കുക. ആദ്യം തുരങ്കത്തിനായി ഇരുവശത്തും പൈലിങ് നടത്തി തൂണുകൾ നിർമിക്കും. ഈ തൂണുകൾക്ക് മുകളിൽ സ്ലാബുകൾ വാർത്ത ശേഷം മാത്രമേ ഉള്ളിലെ മണ്ണ് നീക്കം ചെയ്യുകയുള്ളൂ. തുടർന്ന് തറഭാഗം കോൺക്രീറ്റ് ചെയ്ത് ട്രാക്കുകൾ ഉറപ്പിക്കും.
നിലവിലുള്ള തുരങ്കത്തിലൂടെ ട്രെയിനുകൾക്ക് വേഗനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇരട്ടപ്പാതയോടു കൂടിയ പുതിയ തുരങ്കം പ്രവർത്തനസജ്ജമാകുന്നതോടെ പഴയ തുരങ്കം ഉപേക്ഷിക്കും. ഇത് തിരുവനന്തപുരം-കന്യാകുമാരി പാതയിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. കൊച്ചിയിലെ പൗലോസ് ജോർജ് കൺസ്ട്രക്‌ഷൻ കമ്പനിക്കാണ് നിർമ്മാണ ചുമതല. 8 മുതൽ 12 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ നിർമ്മാണ സ്ഥലത്തെ മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചു കഴിഞ്ഞു.
