വിവാഹങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കുമായി സ്വർണം വാങ്ങിക്കാൻ താത്പര്യപെടുന്നവർക്ക് ആശ്വാസം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎഇയിലെ സ്വർണ വിലയിൽ തുടർച്ചയായ ഇടിവാണ് രേഖപ്പെടുത്തുന്നത്
ദുബായ്: സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്കും നിക്ഷേപകർക്കും യുഎഇ സ്വർണവിലയിലെ വൻ ഇടിവ് അശ്വാസമാകുന്നു. കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ ഗ്രാമിന് ഏകദേശം 14 ദിർഹത്തിന്റെ കുറവാണ് വിപണിയിൽ രേഖപ്പെടുത്തിയത്. ആഗോള വിപണിയിലുണ്ടായ മാറ്റങ്ങളാണ് സ്വർണവില താഴാനുള്ള പ്രധാന കാരണമായി വിദഗ്ദ്ധർ പറയുന്നത്.
ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ പുറത്തുവന്ന ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ന് രാവിലെ യുഎഇയിൽ വൻ ഇടിവ് തന്നെയാണ് രേഖപ്പെടുത്തിയത്. 24 കാരറ്റ് സ്വർണത്തിന് 596.75 ദിർഹമാണ് നിലവിലെ വില. ഇന്നലെ വിപണി അടയ്ക്കുമ്പോൾ ഇത് 602.0 ദിർഹമായിരുന്നു. 22 ഗ്രാം കാരറ്റിന് 552.5 ദിർഹം, 21 കാരറ്റിന് 529.75 ദിർഹം എന്നിങ്ങനെയാണ് വില വരുന്നത്.
അതേസമയം അമേരിക്കയിലെ പണപ്പെരുപ്പം കുറയാത്തതും പലിശ നിരക്കുകളിൽ മാറ്റം വരാനുള്ള സാധ്യതയുമാണ് നിലവിലെ വിലയിടിവിന് പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. സ്വാഭാവികമായും യുഎസ് ഡോളറിന്റെ മൂല്യം ഉയരുമ്പോൾ സ്വർണവിലയും താഴാറുണ്ട്.
വിവാഹങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കുമായി സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഈ വിലയിടിവ് വലിയ ഒരു ആശ്വാസം തന്നെയാണ്. നേരത്തെ കൂടിയ വില കുറയാൻ നിരവധി ആളുകളാണ് കാത്തിരുന്നത് അത്തരം ആളുകൾക്ക് ഈ ഇടിവ് അനുഗ്രഹമാണ്. അതേസമയം ഈ വില ഇനിയും കുറയുമോ എന്ന് കാത്തിരിക്കുന്നവരും യുഎഇയിൽ ഏറെയാണ്.
കൂടാതെ നിലവിൽ ഈ കുറഞ്ഞ വിലയിലും നിക്ഷേപം നടത്തുന്നവരും വിപണിയിൽ സജീവമായി കൊണ്ടിരിക്കുകയാണ്. സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് പുറമെ ഡിജിറ്റൽ സ്വർണത്തിൽ നിക്ഷേപിക്കുന്നവരും യുഎഇയിൽ വർധിക്കുകയാണ്. വിലയിൽ ഇടയ്ക്കിടയ്ക്ക് മാറ്റങ്ങൾ വരുന്നതിനാൽ വിപണി നിരീക്ഷിക്കുന്നത് ലാഭകരമായിരിക്കും.
ഇനി സ്വർണം വാങ്ങിക്കാൻ താത്പര്യപെടുന്നവർ ജ്വല്ലറികളിലെ അന്നത്തെ കൃത്യമായ നിരക്കും അതുപോലെ പണിക്കൂലിയും കൃത്യമായി പരിശോധിച്ച് മാത്രം മുൻപോട്ട് പോകാൻ ശ്രമിക്കുക. കൂടാതെ സ്വർണ വിലയിലെ മാറ്റങ്ങൾ അറിയാൻ ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
