തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ രോഗികളുടെ ദുരിതം തുടരുകയാണ്. ഒപി ചികിത്സ മുടക്കിയുള്ള ഡോക്ടർമാരുടെ സമരമാണ് രോഗികളെ വലിച്ചിരിക്കുന്നത്. സമരം ഇന്നേക്ക് രണ്ടാം ദിവസത്തിലേക്കാണ് കടന്നിരിക്കുന്നത്. ശമ്പളപരിഷ്കരണ കുടിശികയും ഉടൻ നൽകുക ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാനായി പുതിയ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഡോക്ടർമാർ സമരം തുടരുന്നത്.

19 മുതൽ അനിശ്ചിതകാലത്തേക്ക് ശസ്ത്രക്രിയകളും മറ്റു ചികിത്സകളും നിർത്തിവയ്ക്കാനും ഡോക്ടർമാരുടെ സംഘടന തീരുമാനിച്ചതായാണ് ലഭിക്കുന്ന വിവരം. രോഗികളെ ചികിത്സിക്കുന്നതിന് പുറമേ വിദ്യാർത്ഥികൾക്ക് പഠിപ്പിക്കുന്നതും കൂടി ഡോക്ടർമാർ ബഹിഷ്കരിച്ച പശ്ചാത്തലത്തിൽ മെഡിക്കൽ വിദ്യാർഥികളുടെ പഠനവും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

രാവിലെ മുതൽ മെഡിക്കൽ കോളേജിലെ ഒപ്പികളിൽ പിജി ഡോക്ടർമാർ മാത്രമാണുള്ളത്. അതേസമയം അത്യാവശ്യ വിഭാഗങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.. സർക്കാർ വഞ്ചിച്ചു എന്ന് കെജിഎംസിടിഎ ആരോപിച്ചു. അതേസമയം ഡോക്ടർമാർ സമരത്തിൽ ആണെന്നറിയാതെ നിരവധി രോഗികൾ ആണ് കഴിഞ്ഞദിവസം മെഡിക്കൽ കോളേജിൽ എത്തി ചികിത്സ ലഭിക്കാതെ മടങ്ങിയത്.

പലരും പിജി ഡോക്ടർമാരെ കാണിച്ചു മടങ്ങേണ്ടി വന്നു. മറ്റു ചിലർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. ആറുമാസത്തിലേറെ നീണ്ട സൂചന സമരങ്ങൾ സർക്കാർ വകവയ്ക്കാതെ വന്നതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാൻ നിർബന്ധിതരായത് എന്ന് ഡോക്ടർമാർ പറയുന്നു. തങ്ങളെ സമരത്തിലേക്ക് തള്ളിവിടുകയാണ് സർക്കാർ ചെയ്തതെന്നും ഡോക്ടർമാർ ആരോപിക്കുന്നു.