കേരള മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെ തുടരുമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പ്രസ്താവന കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. തിരുവനന്തപുരത്ത് നടന്ന ‘വിഷൻ 2031: വികസനവും ജനാധിപത്യവും’ എന്ന അന്താരാഷ്ട്ര സെമിനാറിലാണ് അയ്യർ ഇത്തരമൊരു പരാമർശം നടത്തിയത്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതിനിടെ സ്വന്തം പാർട്ടിക്കാരനായ നേതാവ് തന്നെ പിണറായി വിജയന് അനുകൂലമായി സംസാരിച്ചത് കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി.
പഞ്ചായത്തീരാജ് സംവിധാനത്തിൽ കേരളത്തിന്റെ സ്ഥാനം നിയമപരമായി ഉറപ്പിക്കാൻ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. യുപിഎ ഭരണകാലത്ത് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രിയായിരുന്ന അയ്യർ, മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഏറ്റവും കൂടുതൽ പരിശ്രമിച്ചത് ഒരു ‘മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടി’ ഭരിക്കുന്ന കേരളമാണെന്ന് പറയുന്നത് വിരോധാഭാസമായി തോന്നാമെന്നും കൂട്ടിച്ചേർത്തു. ഇത്തരമൊരു ചടങ്ങിൽ തന്റെ പാർട്ടി സഹപ്രവർത്തകരുടെ അസാന്നിധ്യത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
