ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസം സന്ദര്‍ശിക്കും. രാവിലെ 10:30-ഓടെ ദിബ്രുഗഡിലെ മൊറാൻ ബൈപാസിലെ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി (ഇഎല്‍എഫ്‌) യിൽ അദ്ദേഹം വിമാനമിറങ്ങും. അടിയന്തര സാഹചര്യങ്ങളിൽ സൈനിക-സിവിൽ വിമാനങ്ങൾക്ക് ഇറങ്ങാനും പറന്നുയരാനും ഇഎല്‍എഫിലൂടെ സാധിക്കും. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം സാധ്യമാക്കിയത്. ഇഎല്‍എഫില്‍ യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവയുടെ ആകാശപ്രകടനം പ്രധാനമന്ത്രി വീക്ഷിക്കും.

ഉച്ചയ്ക്ക് ഒരു മണിയോടെ പ്രധാനമന്ത്രി ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള കുമാർ ഭാസ്‌കർ വർമ്മ സേതു സന്ദർശിക്കും. ബ്രഹ്മപുത്ര നദിക്ക് കുറുകെ ഏകദേശം 3,030 കോടി രൂപ ചെലവിൽ നിർമ്മിച്ച കുമാർ ഭാസ്‌കർ വർമ്മ സേതു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗുവാഹത്തിക്കും, വടക്കന്‍ ഗുവാഹത്തിക്കും ഇടയിലുള്ള യാത്രാസമയം ഏഴു മിനിറ്റായി കുറയ്ക്കാന്‍ ഈ പാലം സഹായിക്കും.

ഉച്ചയ്ക്ക് 1:30 ന് ഗുവാഹത്തിയിലെ ലചിത് ഘട്ടിൽ 5,450 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിക്കും. ഗുവാഹത്തി ഐഐഎമ്മും വടക്കുകിഴക്കൻ മേഖലയ്ക്കുള്ള ദേശീയ ഡാറ്റാ സെന്ററും മോദി ഉദ്ഘാടനം ചെയ്യും.

അസമിലെ കാംരൂപ് ജില്ലയിലെ അമിൻഗാവിലാണ്‌ വടക്കുകിഴക്കൻ മേഖലയ്ക്കുള്ള ദേശീയ ഡാറ്റാ സെന്റർ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ഗുവാഹത്തി, നാഗ്പൂർ, ഭാവ്‌നഗർ, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ പിഎം-ഇബസ് സേവാ പദ്ധതി പ്രകാരം 225 ഇലക്ട്രിക് ബസുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.