കോഴിക്കോട്: സ്‌റ്റേഷന് മുന്നില്‍ വെച്ച് എസ്‌ഐക്ക് കുത്തേറ്റു. കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനിലെ എസ്‌ഐ ഷാഫിക്കാണ് കുത്തറ്റേത്. പ്രതിയെ പിടികൂടി. വെസ്റ്റ്ഹില്‍ സ്വദേശി പ്രമോദ് ആണ് പോലീസിന്റെ പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. ഷാഫിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ടൗണ്‍ സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ ചായ കുടിക്കാനെത്തിയതായിരുന്നു എസ്‌ഐ. ഈ സമയത്ത് ഹോട്ടലിലെ സപ്ലെയറും പ്രമോദും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കുതര്‍ക്കും മൂര്‍ച്ഛിച്ചതോടെ പ്രമോദിനോട് ശബ്ദം ഉയര്‍ത്തി സംസാരിക്കരുതെന്ന് ഷാഫി ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ പ്രകോപിതനായ പ്രമോദ് എസ്‌ഐയോട് തട്ടിക്കയറുകയായിരുന്നു.

പ്രമോദിനെ പിടിച്ചുമാറ്റിയ ശേഷം പുറത്തേക്ക് ഇറങ്ങിയ ഷാഫിയെ പ്രതി പിന്നില്‍ നിന്ന് കുത്തുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.