വാഷിങ്ടണ്‍: ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി മിഡിൽ ഈസ്റ്റിലേക്ക് രണ്ടാമത്തെ വിമാനവാഹിനി കപ്പലായ യുഎസ്എസ് ജെറാൾഡ് ഫോർഡിനെ യുഎസ് അയച്ചതായി റിപ്പോര്‍ട്ട്. ഇറാനുമായുള്ള ചർച്ചകൾ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നതിനിടെയാണ് ഈ നീക്കം. നയതന്ത്ര കരാറിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ രണ്ടാമത്തെ കപ്പൽ വ്യൂഹത്തെ വിന്യസിക്കുമെന്ന് ട്രംപ് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ കപ്പല്‍ ആവശ്യമായി വരുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നയതന്ത്രം വിജയിച്ചാല്‍ കപ്പലുകള്‍ തിരിച്ചുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസിന്റെ ഏറ്റവും അത്യാധുനിക കപ്പൽ വ്യൂഹമായ ഇത് വെനസ്വേലയിലെ ട്രംപിന്റെ സൈനിക നീക്കങ്ങളുടെ ഭാഗമായി കുറച്ചു മാസങ്ങളായി കരീബിയൻ കടലിലായിരുന്നു.
യുഎസ് നേരത്തെ മിഡില്‍ ഈസ്റ്റിലേക്ക് വിന്യസിച്ച യുഎസ്എസ് എബ്രഹാം ലിങ്കണിനൊപ്പം യുഎസ്എസ് ജെറാൾഡ് ഫോർഡും ചേരും. ‘ന്യൂയോർക്ക് ടൈംസ്’ ആണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ഇറാനെ യുഎസ് ആക്രമിച്ചേക്കുമെന്ന ആശങ്കകളും ഇതോടെ ശക്തമായി.
ബുധനാഴ്ച വൈറ്റ് ഹൗസ് സന്ദർശനത്തിനെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ഇറാനുമായി കരാറിലെത്താൻ ശ്രമിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ണായകം നീക്കം.
കരാര്‍ ഉണ്ടാക്കാന്‍ ഇറാനും ആഗ്രഹിക്കുന്നുവെന്നും, ഇല്ലെങ്കില്‍ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അവര്‍ക്കറിയാമെന്നും, എന്താണ് സംഭവിക്കുന്നതെന്ന് നോക്കാമെന്നും ട്രംപ് പറഞ്ഞിരുന്നു. ഒരു മാസത്തിനുള്ളിൽ കരാറിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് വ്യാഴാഴ്ച പറഞ്ഞു. എന്നാല്‍ ഇറാനെതിരായ ആക്രമണ സാധ്യതകള്‍ ട്രംപ് തള്ളിക്കളഞ്ഞിട്ടില്ല. നിരവധി യുഎസ് യുദ്ധക്കപ്പലുകൾ ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
